ആലുവയ്‌ക്ക് ഇനി പുതിയ ദിശ

കാഞ്ഞൂർ കിഴക്കുംഭാഗത്ത് എത്തിയ ആലുവ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എ എം ആരിഫിനെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന വോട്ടർ
നിധിൻ രാജു
Published on Mar 29, 2026, 01:27 AM | 1 min read
ആലുവ
ആലുവയെ പിന്നിലേക്ക് നടത്തിയവർക്കെതിരെയുള്ള ജനവിധിക്കാണ് മണ്ഡലം കാത്തിരിക്കുന്നത്. ഇടത്തേക്ക് നീങ്ങിത്തുടങ്ങിയ പൊതുജനമനസ്സാണ് നിലവിൽ മണ്ഡലത്തിന്റെ പൊതുചിത്രം. എൽഡിഎഫ് സർക്കാർ നേരിട്ട് നടപ്പാക്കിയ വികസനങ്ങളും സിറ്റിങ് എംഎൽഎയുടെ വികസനവിരുദ്ധതയും തമ്മിലാണ് പോരാട്ടം. മൂന്നുതവണ അരൂർ എംഎൽഎയും ആലപ്പുഴ എംപിയുമായിരുന്ന അഡ്വ. എ എം ആരിഫിനെയാണ് ആലുവ പിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയത്. അൻവർ സാദത്ത് തളർത്തിയ ആലുവയിൽ വികസനമെത്തിക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടേണ്ടിവന്നു. നിർമാണം തുടങ്ങിയിടത്തുതന്നെ അവസാനിച്ചുകിടന്ന ആലുവ കെഎസ്ആർടിസി സ്റ്റാൻഡ് സർക്കാർഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഉമ്മൻചാണ്ടി കല്ലിട്ടുപോയ, ആലുവ മാർക്കറ്റ് 50 കോടി രൂപ ചെലവിൽ യാഥാർഥ്യമാകുന്നു.
ആലുവ ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡുകൾ, ട്രാൻസ്‌ഗ്രിഡ് 2.0 കൊച്ചി ലൈൻസ് പാക്കേജ്, ആൺകുട്ടികൾക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, കുട്ടമശേരി ജിഎച്ച്‌എസ്, എടത്തല ഗവ. എച്ച്‌എസ്‌എസ്, ചൊവ്വര ജിഎച്ച്‌എസ്‌എസ്, ചെങ്ങമനാട് ഗവ. എച്ച്എസ്എസ് എന്നിവയുടെ നവീകരണം എന്നിവയ്ക്കായി കിഫ്‌ബിയിൽനിന്ന് 389.42 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്.
ആലപ്പുഴയിലും അരൂരിലും 6000 കോടിയിലധികം രൂപ ചെലവിൽ നടപ്പിലാക്കിയ ഉയരപ്പാതകൾ, ബൈപ്പാസുകൾ, പാർക്കുകൾ, റോഡുകൾ, പാലങ്ങൾ, റെയിൽപ്പാത ഇരട്ടിപ്പിക്കൽ, കുടിവെള്ളപദ്ധതികൾ പോലുള്ളവ ചൂണ്ടിക്കാട്ടി ആലുവയ്ക്കായി മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന എ എം ആരിഫിന്റെ വാക്കുകളിൽ ആലുവ പ്രതീക്ഷവയ്‌ക്കുന്നു.
എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുക, ഗതാഗതക്കുരുക്കിന് പരിഹാരമായി പുളിഞ്ചോടുമുതൽ നെടുമ്പാശേരിവരെ ഉയരപ്പാത, പെരിയാർ, മണപ്പുറം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ, ശുദ്ധജലം ലഭ്യമാക്കൽ തുടങ്ങിയവ നടപ്പിലാക്കുമെന്നും ആരിഫ് പറയുന്നു.

തുടർച്ചയായി നാലാംതവണയും മത്സരിക്കുന്ന അൻവർ സാദത്തിന്റെ ഏകാധിപത്യത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ പാളയത്തിൽത്തന്നെ പടയുണ്ട്.
ആലുവയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരുപദ്ധതിയും എംഎൽഎക്ക് നടപ്പാക്കാനായില്ല. മാർത്താണ്ഡവർമ പാലം, റെയിൽമേൽപ്പാലങ്ങൾ എന്നിവയുടെ നവീകരണം, സമാന്തര പാലങ്ങളുടെ നിർമാണം എന്നിവ ഏറ്റെടുക്കാനായില്ല. വിവിധ ജങ്ഷനുകളുടെ നവീകരണം കടലാസിലൊതുങ്ങി.
ബിജെപിയിലെ എം എ ബ്രഹ്മരാജാണ് എൻഡിഎ സ്ഥാനാർഥി.










0 comments