ad
Deshabhimani

സംഗീതമഴ പെയ്‌തിറങ്ങി , ഇളക്കിമറിച്ച്‌ ‘ആൽമരം' ; ഫ്യൂഷൻ വിരുന്നൊരുക്കി ഇൻസ്‌പയർ

സംഗീതരാവ്, കൂടെ പാടി കൊച്ചി

almaram

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മെഗാ ഇവന്റില്‍ കാണികളുടെ ആവേശം

വെബ് ഡെസ്ക്

Published on Feb 23, 2026, 03:07 AM | 2 min read

കൊച്ചി

മറൈൻ ഡ്രൈവിന് മീതെ സംഗീതമേഘങ്ങൾ മഴയായ് പൊഴിഞ്ഞു. മധുരസംഗീതത്തിൽ മണ്ണും മനസ്സും നിറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മെഗാ ഇവന്റ് നഗരത്തിനു സമ്മാനിച്ചത് മറക്കാനാകാത്ത രാത്രി. സംഗീതപ്രേമികളുടെ ഹൃദയത്തിൽ പടർന്നുപന്തലിച്ച ആൽമരം മ്യൂസിക് ബാൻഡിന്റെ കലാപ്രകടനം കാണികൾക്ക്‌ വിരുന്നായി. ആൽമരത്തിന്റെ സംഗീതവിരുന്നിനു മുന്നോടിയായി നടന്ന ഇൻസ്‌പയർ മ്യൂസിക് ബാൻഡിന്റെ പ്രകടനവും സദസ്സിന്റെ മനം കവർന്നു.


അക്ഷരമുറ്റം ജില്ലാ മത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും മെമന്റോയും മന്ത്രി സമ്മാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ് അധ്യക്ഷനായി. നടൻ സുധി കോപ്പ മുഖ്യാതിഥിയായി. കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദ് ബാബു, മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജി എൻ പ്രകാശ്, ദേശാഭിമാനി കൊച്ചി യൂണിറ്റ് ന്യൂസ്‌ എഡിറ്റർ ടി ആർ അനിൽകുമാർ, മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, ഫീച്ചർ ഡെസ്ക് ന്യൂസ്‌ എഡിറ്റർ എ ശ്യാം, ബ്യൂറോ ചീഫ് എം എസ്‌ അശോകൻ, പരസ്യവിഭാഗം മാനേജർ എ ബി അജയഘോഷ് എന്നിവർ സംസാരിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ പ്രദീപ്‌ മോഹൻ സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ എബി എബ്രഹാം നന്ദിയും പറഞ്ഞു.


സ്പോൺസർമാരായ എൽ കെ ഇന്റർനാഷണൽ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ, സിയാൽ കോർപറേറ്റ് കമ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ പി എസ്‌ ജയൻ, റെഡ് എഫ്എം കേരള മാർക്കറ്റിങ് ഹെഡ് കെ ജെ നിബിൻ, ഐശ്വര്യ അഡ്വർടൈസിങ് കൊച്ചിൻ എംഡി കെ വിജയകുമാർ എന്നിവർ പങ്കെടുത്തു.


almaram
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മെഗാ ഇവന്റില്‍ ആല്‍മരം ബാന്‍ഡ് അവതരിപ്പിച്ച സംഗീത സദസ്സ്


സംഗീതമഴ പെയ്‌തിറങ്ങി; ഇളക്കിമറിച്ച്‌ ‘ആൽമരം'

‘നെഞ്ചകമേ... നെഞ്ചകമേ...' മണിക്കൂറുകളോളം കാത്തുനിന്നവരെ ആവേശത്തിലാക്കി ആൽമരത്തിന്റെ ആദ്യഗാനമെത്തി. കാണികൾ പതിയെ താളംപിടിച്ചുതുടങ്ങി, ഓരോപാട്ട്‌ കഴിയുംതോറും സംഗീതപ്രേമികൾ അടുത്തതിനായി കാതോർത്തു. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ ടാലന്റ് ഫെസ്റ്റ് മെഗാ ഇവന്റിന് ആവേശം പകരാനെത്തിയ ‘ആൽമരം' മ്യൂസിക് ബാൻഡ്, ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ മനംകവർന്നു.

‘ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ..’ മെലഡിയുടെ മധുരം നുണഞ്ഞ്‌ ആയിരങ്ങൾ അതേറ്റുപാടി. 'നീളേ താരകൾ മിന്നും രാവിൻ തീരം തിരകൾ നമ്മെ തഴുകും രാഗം താനേ മൂളും..’ എന്ന ആൽമരത്തിന്റെ സിഗ്‌നേച്ചർ സോങ്ങും ആസ്വാദകർ ഹൃദയത്തിൽ സ്വീകരിച്ചു.


almaram



‘വാസ്‌കോ ഡ ഗാമാ വെന്റ് ടു ദ ഡ്രാമ പുതുവർഷം കാണാൻ കവിളേലുമ്മ...’– കൊച്ചിക്കാരുടെ ആഘോഷത്തിമിർപ്പിനെ അടയാളപ്പെടുത്തിയ ഗാനമെത്തിയപ്പോഴേക്കും കാഴ്‌ചക്കൂട്ടം ആവേശച്ചുവടുകളിലേക്ക്‌ പൊട്ടിത്തെറിച്ചു, നഗരമൊന്നിച്ച്‌ ചുവടുവച്ചു.

പഴയ മലയാളം പാട്ടുകൾ ഉൾപ്പെടെയുള്ള മധുരഗാനങ്ങളുടെ തനിമയും മാധുര്യവും നഷ്ടപ്പെടുത്താതെ അക്ഷരാർഥത്തിൽ സംഗീതമഴതീർക്കുകയായിരുന്നു. പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവവിദ്യാർഥികളായ അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്‌ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരത്തിന്റെ നായകർ.


crowd


ഫ്യൂഷൻ വിരുന്നൊരുക്കി ഇൻസ്‌പയർ

‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ..’, ‘എന്റെ എല്ലാമെല്ലാമല്ലേ..’, ‘തുമ്പീ വാ തുമ്പക്കുടത്തിൽ..’ തുടങ്ങി ഹിറ്റ്‌ മെലഡികളെ പോപ്പ് താളങ്ങളുമായി സംയോജിപ്പിച്ച്‌ ‘ഇൻസ്‌പയർ’ മ്യൂസിക്‌ ബാൻഡ്‌ നടത്തിയ ഫ്യൂഷൻ വിരുന്ന്‌ മറൈൻഡ്രൈവിനെ സംഗീതസാന്ദ്രമാക്കി. മലയാള സ്റ്റേജ്‌ സംഗീതത്തിന് പുതുഭാവുകത്വം നൽകിയ ഇൻസ്‌പയർ നടത്തിയ പരീക്ഷണം യുവതലമുറയെ ആവേശത്തിലാഴ്‌ത്തി. ഗ്രൂപ്പിന്റെ അമരക്കാരൻ എൻ ജി ഗോവിന്ദ് വയലിനിൽ ആദ്യ ഈണം കുറിച്ചപ്പോൾ സദസ്സ്‌ അതിൽ ലയിച്ചു. താളം പിടിച്ചവർ, പിന്നെ പതുക്കെ ഇ‍ൗണം മൂളി. ആത്മാവ് ചോരാതെ, ആധുനികമായ ‘ഓർക്കസ്ട്രേഷൻ' നൽകി അവതരിപ്പിച്ച പഴയഗാനങ്ങൾ നിറഞ്ഞ കൈയടിയോടെയാണ്‌ വരവേറ്റത്‌. കീബോർഡിൽ സിയോൺ ബെന്നിയും ഡ്രമ്മിൽ അഷലും വിസ്‌മയം തീർത്തു.


inspire
ഇന്‍സ്പയര്‍ ബാന്‍ഡ് 
അവതരിപ്പിച്ച ഫ്യൂഷന്‍ വിരുന്ന്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home