സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി എൻ പി അജയകുമാർ

പെരുമ്പാവൂർ
ജില്ലാപഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എൻ പി അജയകുമാറിനെ വരവേൽക്കാൻ വ്യാഴാഴ്ച നെല്ലിമോളത്തെ സ്വീകരണകേന്ദ്രത്തിൽ എത്തിയത് രായമംഗലം പഞ്ചായത്ത് നാലുസെന്റിന് സമീപം താമസിക്കുന്ന പൂക്കാട്ടെകുടി കുട്ടിച്ചോതിയാണ്. രായമംഗലത്തിന്റെ വികസനനേട്ടങ്ങൾക്ക് ചുക്കാൻപിടിച്ച നേതാവിന് റോസാപ്പൂ നൽകിയാണ് അറുപത്തെട്ടുകാരി ചോതി വിജയാശംസകൾ നേർന്നത്. അയൽവാസികളായ വാരിക്കാട്ടുകുടി കമലമ്മയും (67), ചേരുംതടത്തിൽ അല്ലിയും (64) സ്വീകരണകേന്ദ്രത്തിലെത്തി.
രായമംഗലം പഞ്ചായത്ത് നെല്ലിമോളം ജങ്ഷനിൽനിന്ന് രാവിലെ ആരംഭിച്ച പര്യടനം കുറുപ്പംപടിയിൽ സമാപിച്ചു. തുടർച്ചയായി യുഡിഎഫ് വിജയിക്കുന്ന ഡിവിഷനിലെ വികസനമുരടിപ്പാണ് ജനങ്ങൾ സ്ഥാനാർഥിയോട് പങ്കുവച്ചത്. കാർഷികമേഖല മെച്ചപ്പെടുത്താനും തോടുകളും ചിറകളും റോഡുകളും സംരക്ഷിക്കാനും നവീകരിക്കാനും കാലങ്ങളായി വിജയിക്കുന്ന യുഡിഎഫ് അംഗങ്ങൾ ശ്രമിക്കുന്നില്ല. വായ്ക്കര തോട്, കണ്ണംവേലി തോട്, കൊക്കരണി പാടം തോട്, കാരിക്കോട്ടുകുളം എന്നിവ നവീകരിക്കാൻ നടപടിയുണ്ടായില്ല. ഇതിന് പരിഹാരമുണ്ടാക്കണമെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയോടുള്ള കർഷകരുടെയും നാട്ടുകാരുടെയും അഭ്യർഥന.
രായമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണവും സബ് സെന്ററുകൾ സ്ഥാപിച്ചതും വാതിൽപ്പടി ചികിത്സാസൗകര്യങ്ങൾ കാര്യക്ഷമമാക്കിയതും അജയകുമാറിന് സ്വീകാര്യത വർധിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി രമേശ് ചന്ദ് പര്യടനം ഉദ്ഘാടനം ചെയ്തു.









0 comments