ad
Deshabhimani

കേൾക്കൂ അഭിജിത്തിന്റെ ‘എഐ’ ശബ്‌ദം

‘AI’ voice

അഭിജിത് നീൽ എബ്രഹാം

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on May 22, 2026, 12:54 AM | 1 min read

കൊച്ചി


‘ഒരു പരിമിതിയുണ്ടാകുന്പോൾ മറ്റൊരു കഴിവുണ്ടാകും’ ജന്മനാ കേൾവിപരിമിതിയുള്ള വടക്കൻ പറവൂർ പുത്തൻകണ്ടത്തിൽ അഭിജിത് നീൽ എബ്രഹാമിനെ മുന്നോട്ടുനയിച്ചത്‌ ഇ‍ൗ ആശയമാണ്‌. ലോകമെമ്പാടുമുള്ള ഡെവലപ്പർമാർ ഉപയോഗിക്കുന്ന നിർമിതബുദ്ധി ടൂളുകൾ നിർമിക്കുന്ന എഎ സ്‌റ്റാർട്ടപ് കന്പനി വൈറ്റലോപ്‌സിന്റെ (VitalOps) സ്ഥാപകനാണ്‌ ഇരുപത്തൊന്പതുകാരൻ.


2024ൽ ആരംഭിച്ച കന്പനി അമേരിക്കയിലും ഇന്ത്യയിലുമായാണ്‌ പ്രവർത്തിക്കുന്നത്‌. ആയിരക്കണക്കിന് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയറുകൾ നിർമിക്കാൻ അഭിജിത്തിനായി. ഭിന്നശേഷിക്കാർക്കുള്ള സംവരണംവഴിയാണ് അഭിജിത്തിന്‌ കോഴിക്കോട്‌ എൻഐടിയിൽ പ്രവേശനം ലഭിച്ചത്. എന്നാൽ, കഠിനമായ പാഠ്യപദ്ധതി അതിജീവിക്കാനുള്ള അടിസ്ഥാനപരമായ അക്കാദമിക് അറിവ് തനിക്കില്ലാതിരുന്നുവെന്ന്‌ അഭിജിത് പറയുന്നു.


പഠനം നിർത്തി പ്ലസ്‌ടു വിഷയങ്ങളിലുള്ള അറിവ്‌ കൂടുതൽ തേച്ചുമിനുക്കി. എൻട്രൻസ് പരീക്ഷയ്‌ക്ക്‌ കഠിനമായി പരിശ്രമിച്ച് തിരുവനന്തപുരം സിഇടിയിൽ പ്രവേശനം നേടി. ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങാണ്‌ പഠിച്ചതെങ്കിലും ഇഷ്ടം കംപ്യൂട്ടർ സയൻസിനോടായിരുന്നു. കേൾവിക്കുറവ്‌ മറികടക്കാൻ കൂടുതലായി വായനയിലേയ്‌ക്ക്‌ തിരിഞ്ഞു. ഇത്‌ ജീവിതം പടുത്തുയർത്താൻ സഹായിച്ചു. സാങ്കേതികരംഗത്ത് അയ്യായിരത്തിലധികംപേർക്ക്‌ മാർഗനിർദേശം നൽകാനായി. ഇതിന്‌ സ്വന്തമായി കമ്യൂണിറ്റികൾ ആരംഭിക്കുകയും മറ്റ്‌ കൂട്ടായ്മകളിൽ സജീവപങ്കാളിയാകുകയും ചെയ്തു.


ഇതുവരെ 22 രാജ്യങ്ങളും നൂറിലധികം നഗരങ്ങളും സന്ദർശിച്ചു. ഒഴിവുസമയങ്ങൾ സാമൂഹികസേവനങ്ങൾക്കായാണ്‌ മാറ്റിവയ്‌ക്കുന്നത്‌. ഹിമാലയത്തിലെ ജെംസ്‌ സ്‌കൂളിൽ നിർധനരായ കുട്ടികൾക്ക് കണക്കും ശാസ്ത്രവും പഠിപ്പിക്കാൻ അഭിജിത് എത്താറുണ്ട്‌. കുട്ടികൾക്ക്‌ കംപ്യൂട്ടർ ലാബും ഒരുക്കി. കോവിഡ് കാലത്ത്‌, സാമ്പത്തികപ്രതിസന്ധി നേരിടുന്നവർക്ക് ഗിഫ്റ്റ് കാർഡുകൾ നൽകുന്ന ‘ഗിഫ്‌റ്റ്‌ കാർഡ്‌ ബാങ്ക്‌’ അമേരിക്കൻ സംഘടനയുമായി ചേർന്നും പ്രവർത്തിച്ചു. ഗൂഗിൾ എഐയെക്കുറിച്ച്‌ കേരളത്തിൽ വിവിധയിടങ്ങളിൽ സ‍ൗജന്യ ശിൽപ്പശാലകൾ നടത്തി. ഇത്തരം ശിൽപ്പശാലകൾ നടത്താൻ ഗൂഗിൾ തെരഞ്ഞെടുത്ത വളന്റിയർമാരിൽ ഒരാളാണ്‌ അഭിജിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home