ad
Deshabhimani

പാമ്പാക്കുടയിൽ ഭീഷണിയായി
 ആഫ്രിക്കൻ ഒച്ചുകൾ

African snails

പാമ്പാക്കുട ചിറക്കടവിൽ സാമൂഹിക പ്രവർത്തകരും, ഹരിതകര്‍മ സേനാംഗങ്ങളും 
ചേർന്ന് ഒച്ചുകളെ നശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:27 AM | 1 min read

പിറവം


ശക്തമായ മഴയ്‌ക്കുപിന്നാലെ പാമ്പാക്കുട മേഖലയിലെ കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. പച്ചക്കറികൾക്കു പുറമെ വാഴ, പപ്പായ, റബർ തുടങ്ങിയവയുടെ ഇലകളാണ് ഇവ വ്യാപകമായി നശിപ്പിക്കുന്നത്.


പാമ്പാക്കുട പഞ്ചായത്തിലെ നെയ്‌ത്തുശാലപ്പടി, ചിറക്കടവ് പ്രദേശങ്ങളിലും രാമമംഗലം പഞ്ചായത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഒച്ചുകളുടെ വ്യാപനം കൂടിയിട്ടുണ്ട്. തരിശുപാടങ്ങളിലാണ് നേരത്തെ ഇവ തങ്ങിയിരുന്നത്. ഇപ്പോൾ വീടുകളിലേക്കും പരിസരത്തുള്ള അടുക്കളത്തോട്ടങ്ങളിലേക്കുമെല്ലാം കൂടുതലായി എത്തിത്തുടങ്ങി. റബർ മരത്തിലെ ചിരട്ടകളിൽനിന്ന്‌ റബർ കറയും ഇവ തീർക്കും. ഷേഡ് പിടിപ്പിച്ച തോട്ടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ടാപ്പിങ് നടക്കുന്നത്. പലപ്പോഴും ചിരട്ട കാലിയാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ​


രാത്രിസമയത്താണ് ഒച്ചുകൾ കൂടുതലായി പുറത്തിറങ്ങുന്നത്. ചെടികൾക്കു പുറമെ വീടുകളുടെ ഭിത്തിയിലും മറ്റും ഈർപ്പമുള്ള സ്ഥലത്തുമെല്ലാം കൂട്ടത്തോടെ പറ്റിപ്പിടിച്ച് ഇരിക്കും. ഒച്ചുകളുടെ സ്രവം ശരീരത്തു പറ്റിയാൽ ചർമരോഗങ്ങളും ശ്വാസംമുട്ടലും ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.


​പാമ്പാക്കുട ചിറക്കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഒച്ചുകളെ ശേഖരിച്ചു നശിപ്പിച്ചു. രജിനി പ്രസാദ്, പ്രിയ രതീഷ്, സിബി പൗലോസ്, സിജി പൗലോസ്, പി കെ കുഞ്ഞൻ തുടങ്ങിയവർ നേതൃത്വം നൽകി.


​ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ടും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും കൃഷി വകുപ്പുമൊന്നും പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന്‌ നാട്ടുകാർ പറയുന്നു. ഉപ്പ്, പുകയില, തുരിശ് തുടങ്ങിയവ പ്രയോഗിക്കുന്നത് ഫലപ്രദമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒച്ചുകളുടെ വർധന തടയാൻ ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് അനുഭവം. തുരിശിന്റെ വില കുത്തനെ വർധിച്ചതും തിരിച്ചടിയായതായി കർഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home