വിമാനം താഴ്‌ന്ന് പറന്നു; സ്‌കൂളിന്റെ ഓടുകൾ പറന്നുപോയി

വിമാനം താഴ്‌ന്ന് പറന്നതിനെത്തുടർന്ന് ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ യുപി വിഭാഗം കെട്ടിടത്തിലെ മേൽക്കൂരയിൽനിന്ന് ഓടുകൾ പറന്നുപോയപ്പോൾ
പെരുമ്പാവൂർ
വിമാനം താഴ്‌ന്ന് പറന്നതിനെത്തുടർന്ന് സ്‌കൂൾകെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം ക്ലാസ്‌റൂമുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകളാണ് പറന്നുപോയത്. ബുധൻ രാവിലെ അഞ്ചിനായിരുന്നു സംഭവം. ഓടുകൾ പറന്നുവീണത് രാവിലെയായതിനാൽ വൻ അപകടമാണ് ഒഴിവായത്.
ഓടുകൾ പൊട്ടിച്ചിതറി ക്ലാസുമുറിക്കകത്താണ് കിടക്കുന്നത്. വിമാനം താഴ്‌ന്ന് പറക്കുന്നതിനിടെ ഒക്കൽ പ്രദേശത്തെ നിരവധി വീടുകളിലെ ഓടുകൾ ഇതിനുമുന്പും പറന്നുപോയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങൾ ഈ പ്രദേശത്ത് താഴ്‌ന്നുപറക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ബോയിങ് പോലുള്ള വലിയ വിമാനങ്ങൾ കടന്നുപോകുമ്പോൾ വീടുകളിൽ വിറയൽ അനുഭവപ്പെടാറുണ്ടെന്നും ജനൽചില്ലുകൾ പൊട്ടിച്ചിതറിയിട്ടുണ്ടെന്നും പരാതിയുണ്ട്.
ഇക്കാര്യങ്ങൾ വിശദമാക്കി തഹസിൽദാർക്ക് നിവേദനം നൽകിയിട്ടുണ്ട്. കലക്ടർ ഇടപെട്ട് വിമാനത്താവള അധികൃതരുമായി ചർച്ച നടത്തി പരിഹാരനടപടി സ്വീകരിക്കണമെന്ന് ആവശ്യവുമുയർന്നു. ഒരുദുരന്തം ഉണ്ടാകുന്നതിനുമുന്പുതന്നെ അടിയന്തര നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവം രാവിലെ അഞ്ചിനായതിനാൽ വൻദുരന്തം ഒഴിവായി






0 comments