Deshabhimani

ഓങ്കോളജി ഐസിയുവിലെ എസി തകരാർ

രോഗികളുടെ ദുരിതത്തിന് അടിയന്തര പരിഹാരം വേണം: എസ്‌ സതീഷ്‌

ac complaint
വെബ് ഡെസ്ക്

Published on Oct 10, 2026, 12:37 AM | 1 min read

കൊച്ചി

എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എയർകണ്ടീഷണർ പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്ത സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

അതിതീവ്ര പരിചരണം ആവശ്യമായ അർബുദബാധിതരെ പ്രവേശിപ്പിക്കുന്ന 12 കിടക്കയുള്ള ഓങ്കോളജി ഐസിയുവിലാണ് എസി തകരാറിലായത്. കീമോതെറാപ്പിക്ക് വിധേയരായവരും പ്രത്യേക പരിചരണം ആവശ്യമുള്ളവരുമാണ് ഇവിടെ കഴിയുന്നത്. രോഗത്തിന്റെ വേദനയ്ക്കുപുറമെ കനത്ത ചൂടും സഹിക്കാനാകാതെ രോഗികൾ ദുരിതത്തിലാണ്.


ഐസിയു, ജനറൽ ആശുപത്രിയോടുചേർന്നുള്ള സ്പെഷ്യാലിറ്റി ക്യാൻസർ ബ്ലോക്കിന്റെ അഞ്ചാംനിലയിലായതിനാൽ ചൂട് കൂടുതലാണ്.

എസിയുടെ കംപ്രസർ തകരാറിലാണെന്നും സ്പെയർ പാർട്സ് ലഭ്യമല്ലെന്നുമുള്ള അധികൃതരുടെ ന്യായം അംഗീകരിക്കാനാകില്ല. രണ്ടാഴ്ചയായി ഒരു കംപ്രസർപോലും ലഭ്യമാക്കാൻ കഴിയാത്തത് സർക്കാരിന്റെ ഗുരുതര അനാസ്ഥയാണ്.


കീമോതെറാപ്പി കഴിഞ്ഞ് കൗണ്ട് കുറഞ്ഞ രോഗികളെ പ്രവേശിപ്പിക്കുന്ന ന്യൂട്രോപീനിയ ഐസിയുവിലും രണ്ടുമാസംമുമ്പ് ഇതേ അവസ്ഥയായിരുന്നു. അവിടെയും വലിയ പ്രതിഷേധങ്ങൾക്കും വിമർശങ്ങൾക്കും ഒടുവിലാണ് എസി നന്നാക്കിയത്. ഇതേ അനാസ്ഥ ആവർത്തിക്കുകയാണ്. ആരോഗ്യമേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്നുനിൽക്കുന്ന എറണാകുളം ജനറൽ ആശുപത്രിയെ യുഡിഎഫ് സർക്കാർ പിന്നോട്ടടിപ്പിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട എംഎൽഎയോ എംപിയോ തിരിഞ്ഞുനോക്കുന്നില്ല. എസി അടിയന്തരമായി നന്നാക്കി രോഗികൾക്ക് സുരക്ഷിതമായ ചികിത്സാസാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണം– എസ്‌ സതീഷ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home