അബ്ദുൽ ജബ്ബാറിനെ സന്ദർശിച്ചു
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപ്പിഴവ് അബ്ദുൽ ജബ്ബാറിനെ എസ് സതീഷ് സന്ദർശിച്ചു

പറവൂർ താലൂക്കാശുപത്രി അധികൃതരുടെ അനാസ്ഥമൂലം കാൽ മുറിച്ചുമാറ്റേണ്ടിവന്ന അബ്ദുൽ ജബ്ബാറിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വീട്ടിലെത്തി സന്ദർശിക്കുന്നു
പറവൂർ
മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വലതുകാൽമുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര അബ്ദുൾ ജബ്ബാറിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വീട്ടിലെത്തി സന്ദർശിച്ചു.
ജൂലൈ 26ന് രാത്രി വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദനയോടെ താലൂക്കാശുപത്രിയിലെത്തിയ അബ്ദുൽ ജബ്ബാറിന്റെ രോഗം ക്യത്യമായി കണ്ടെത്താനോ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നതാണ് കാൽ മുറിക്കാനിടയാക്കിയത്. കാലിനുണ്ടായ സ്ട്രോക്ക് തിരിച്ചറിയാതെ വേദനസംഹാരികൾ കുത്തിവയ്ക്കുകയും ഗുളികകൾ നൽകുകയുമാണ് ചെയ്തത്.
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കിടെ കാൽ മുറിച്ചുമാറ്റിയശേഷം വിശ്രമത്തിലായിരുന്ന അബ്ദുൽ ജബ്ബാർ തന്റെ ദുരവസ്ഥയ്ക്ക് കാരണംതേടി രണ്ടരമാസംമുന്പാണ് ആശുപത്രി സൂപ്രണ്ടിനെ കണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലമാണെന്നും വേണ്ട സഹായങ്ങൾ നൽകാമെന്നും വീഴ്ചകൾ ഏറ്റുപറഞ്ഞ് അനുനയിപ്പിക്കാനുള്ള ശ്രമമാണ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിന്റെ ആരോഗ്യമേഖല താറുമാറാവുകയാണെന്നും മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിലെ താലൂക്കാശുപത്രിയിൽ നിരന്തരമായി ചികിത്സാപ്പിഴവ് ഉണ്ടാകുന്നുണ്ടെന്നും എസ് സതീഷ് പറഞ്ഞു. അതിഗുരുതര ചികിത്സാപ്പിഴവ് ഉണ്ടായിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ഗുരുതരമായ കുറ്റകൃത്യത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണം. ആശുപത്രിയുടെ അനാസ്ഥയിൽ കാൽ നഷ്ടപ്പെട്ട അബ്ദുൾ ജബ്ബാറിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ടി വി നിധിനും ഒപ്പമുണ്ടായി.








0 comments