ഇഡി ഇണ്ടാസ് രാഷ്ട്രീയപ്രേരിതം : എ വിജയരാഘവൻ

കോതമംഗലം (കൊച്ചി)
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. എൽഡിഎഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ സമാനതകളില്ലാത്ത മാറ്റംകൊണ്ടുവന്ന കിഫ്‌ബിയെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ലോകം കേരളത്തിന്റെ വളർച്ച സൂക്ഷ്മമായി നോക്കിക്കാണുന്നു. കഴിഞ്ഞ പത്തുവർഷത്തിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം കേരളത്തിൽ ജീവിതനിലവാരമുയർന്നു. 30 കോടി അതിദരിദ്രരുള്ള ഇന്ത്യയിൽ അതിൽ ഒരാളുപോലുമില്ലാത്ത നാടാണ് കേരളം.
സമൂഹത്തെ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ മറ്റൊരു രൂപമായ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയശക്തികളുമായി കൈകോർത്താണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതുവിധേനെയും എൽഡിഎഫിനെ തകർക്കാനാണ് ശ്രമം. എന്നാൽ, എംഎൽഎക്ക് ഒളിവിൽക്കഴിയേണ്ട ഗതികേടിലാണ് നിലവിലെ കോൺഗ്രസിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ സണ്ണി അധ്യക്ഷനായി. ആന്റണി ജോൺ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ ശിവൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ടി മോഹനൻ, എം എസ് ജോർജ്, പി കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments