അരങ്ങുനിറഞ്ഞ് അറിവുത്സവം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15---–-ാം സീസൺ ജില്ലാ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടകൻ കഥാകൃത്ത് ഫ്രാൻസിസ് നൊറോണ, മുഖ്യാതിഥി നടി അൻസിബ ഹസൻ എന്നിവർ വിദ്യാർഥികൾക്കും സംഘാടകർക്കുമൊപ്പം

സ്വന്തം ലേഖകൻ
Published on Oct 26, 2026, 01:13 AM | 2 min read
കൊച്ചി
അറിവിന്റെ അനേകവർണങ്ങളിൽ കുരുന്നുപ്രതിഭകൾ നിറഞ്ഞാടി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്. സ്കൂൾ, ഉപജില്ല മത്സരങ്ങളിൽ തിളങ്ങിയവർ ജില്ലാതലത്തിലെ വാശിയേറിയ പോരാട്ടത്തെ പ്രതിഭയുടെ പത്തരമാറ്റിനാൽ അവിസ്മരണീയമാക്കി. സംസ്ഥാന മെഗാ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള നിർണായക മത്സരത്തിന് എറണാകുളം ഗവ. ഗേൾസ് എച്ച്എസ് വേദിയായി. കഥാകൃത്ത് ഫ്രാൻസിസ് നൊറോണ ടാലന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നടി അൻസിബ ഹസൻ മുഖ്യാതിഥിയായി.
മലയാളത്തിന്റെ മഹിമയും വാക്കുകളുടെ കരുത്തും എഴുത്തനുഭവങ്ങളുടെ വെളിച്ചത്തിൽ എടുത്തുപറഞ്ഞായിരുന്നു ഫ്രാൻസിസ് നൊറോണ സദസ്സിനോട് സംവദിച്ചത്. ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കൈത്താങ്ങായ വാക്കുകളെ അദ്ദേഹം സാഹിത്യകൃതികളിൽനിന്ന് ഉദാഹരിച്ചു. ആറാംക്ലാസിൽ ചൊല്ലിപ്പഠിച്ച കുചേലവൃത്തം, വഞ്ചിപ്പാട്ട് ഇൗണത്തിൽ അൻസിബ ചൊല്ലിയപ്പോൾ താളത്തിൽ വായ്ത്താരിയിട്ട് സദസ്സും ചേർന്നു. അക്ഷരമുറ്റം ക്വിസ് വിദ്യാർഥികൾക്കുമുന്നിൽ തുറക്കുന്ന അനന്തസാധ്യതകളെ പ്രശംസിച്ച അൻസിബ, മത്സരാർഥികൾക്കെല്ലാം വിജയമാശംസിച്ചു.
ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ പ്രദീപ് മോഹൻ അധ്യക്ഷനായി. ന്യൂസ് എഡിറ്റർ ടി ആർ അനിൽകുമാർ സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ എബി എബ്രഹാം നന്ദിയും പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ഏലിയാസ് മാത്യു, സിപിഐ എം ഏരിയ സെക്രട്ടറി സി മണി, ദേശാഭിമാനി ഫീച്ചർ ഡെസ്ക് ന്യൂസ് എഡിറ്റർ എ ശ്യാം, കൊച്ചി ബ്യൂറോ ചീഫ് എം എസ് അശോകൻ, പരസ്യവിഭാഗം മാനേജർ എ ബി അജയഘോഷ്, കുസാറ്റ് കംപ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. ജി സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരത്തിലെ ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനം. എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രസംഗമത്സരത്തിന് 5000, 3000 രൂപവീതമാണ് സമ്മാനം. ഇതോടൊപ്പം സംഘടിപ്പിച്ച ശാസ്ത്രപാർലമെന്റിൽ ഡോ. ജി സന്തോഷ്കുമാർ ‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’ വിഷയത്തിൽ വിദ്യാർഥികളുമായി സംവദിച്ചു. സീന വർഗീസ് (എൽപി), ബിനോജ് വാസു (യുപി), എസ് കിരൺ (എച്ച്എസ്), ഡോ. നിഷാദ് അബ്ദുൾകരിം (എച്ച്എസ്എസ്) എന്നിവർ ക്വിസ് മാസ്റ്റർമാരായി.
വെൻകോബ് ആണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ പ്രൈസ് സ്പോൺസർ. ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, ആംകോസ്, ജെഎൻ ലൈറ്റിങ്സ്, ധർമപ്രിയ ഫിനാൻസ് എന്നിവർ സഹപ്രായോജകരുമാണ്.








0 comments