ad
Deshabhimani

അടിസ്ഥാനസൗകര്യങ്ങളിലെ കുതിച്ചുചാട്ടം 
വ്യവസായത്തിന് കരുത്തായി

 Business

‘വ്യവസായകേരളം വര്‍ത്തമാനവും ഭാവിയും' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിൽ ജിയോജിത് എംഡി സി ജെ ജോര്‍ജ് സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 31, 2026, 01:56 AM | 1 min read

കളമശേരി


അഞ്ചുവര്‍ഷം അടിസ്ഥാനസൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായത് വ്യവസായസൗഹൃദമാകാന്‍ കേരളത്തിന്‌ സഹായകരമായെന്ന് ‘വ്യവസായകേരളം വര്‍ത്തമാനവും ഭാവിയും' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. കുസാറ്റ്‌ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ​


ഈസ് ഓഫ് ഡൂയിങ്‌ ബിസിനസില്‍ അതിവേഗത്തില്‍ വളരുന്ന വ്യവസായരംഗമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് സര്‍ക്കാരിന്റെ വ്യവസായ അനുകൂല നയംമൂലമാണ്. ഈ വളര്‍ച്ച തുടരേണ്ടതുണ്ടെന്നും സെമിനാര്‍ വിലയിരുത്തി.


വ്യവസായമന്ത്രി എന്ന നിലയില്‍ പി രാജീവിന്റെ പിന്തുണ വ്യവസായ വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമായെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് ചൂണ്ടിക്കാട്ടി. വ്യവസായരംഗത്ത് സംസ്ഥാനം മുന്നേറുമ്പോള്‍ അതിനെ നെഗറ്റീവായി ചിത്രീകരിക്കുന്ന സമീപനത്തില്‍നിന്ന് രാഷ്ട്രീയ കക്ഷികള്‍ പിന്‍മാറണമെന്ന് ജിയോജിത് എംഡിയും കുസാറ്റ് സിൻഡിക്കറ്റ് മെമ്പറുമായ മോഡറേറ്റര്‍ സി ജെ ജോര്‍ജ് പറഞ്ഞു.


​ഇനി സ്പീഡ് ഓഫ് ഡൂയിങ്‌ ബിസിനസാണ് വേണ്ടതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു. ​

അനാവശ്യ സമരങ്ങളൊഴിഞ്ഞ കേരളം വ്യവസായ വളര്‍ച്ചയ്‌ക്ക് സഹായകരമായെന്ന് അപ്പോളോ ടയേഴ്സ് ഹെഡ് ജോര്‍ജ് ഉമ്മന്‍ ചൂണ്ടിക്കാട്ടി. ഇതിൽ തൊഴിലാളി നേതൃത്വങ്ങളും സര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.​


പുതിയ തലമുറ സംരംഭകരും കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുന്നത് സംസ്ഥാനത്ത് വന്ന മാറ്റത്തിന്റെ ഫലമാണെന്ന് ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് പറഞ്ഞു. ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും ഓണ്‍ലൈനാക്കിയതും ചെറുകിടസംരംഭങ്ങളുടെ വളര്‍ച്ചയ്‌ക്ക് സഹായകമായതായി കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍ പറഞ്ഞു. കുസാറ്റ്‌ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ. സാം തോമസ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home