എല്ലാവരെയും കർഷകരാക്കിയ ‘കൃഷിക്കൊപ്പം കളമശേരി'

കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച് നടന്ന വിളവെടുപ്പുത്സവത്തിൽ ‘കടമ്പൻ മൂത്താ'നൊപ്പം ഡേവിസ് (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ
Published on Mar 28, 2026, 11:38 PM | 1 min read
കളമശേരി
മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി’ കക്ഷിരാഷ്ട്രീയത്തിനതീതമായി കൃഷിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചെന്ന് കരുമാല്ലൂരിലെ കർഷകൻ ഡേവിസ്. കൃഷി സാമൂഹ്യ ഉത്തരവാദിത്വമായി മാറി. തനിക്ക് താങ്ങുണ്ടെന്ന ബോധ്യം കർഷകന് പ്രചോദനമായെന്നും നാലുപതിറ്റാണ്ടിലേറെയായി കാർഷികരംഗത്തുള്ള ഡേവിസ് പറഞ്ഞു. പാട്ടത്തിനെടുത്തതുൾപ്പെടെ 10 ഏക്കറിലേറെ സ്ഥലത്ത് നെല്ല്, പച്ചക്കറി, കിഴങ്ങിനങ്ങൾ എന്നിവയാണ് കൃഷി.
2018ലെ മഹാപ്രളയത്തിൽ മുച്ചൂടും തകർന്നിടത്തുനിന്ന് മറ്റു കർഷകരെപ്പോലെ ഡേവിസും പതുക്കെ തിരിച്ചുവരുന്പോഴാണ്, 2022ൽ മന്ത്രി പി രാജീവ് ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതി ആവിഷ്കരിക്കുന്നത്. താനൊരു ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്നില്ല. എന്നാൽ കൃഷി, മണ്ണ്, വെള്ളം തുടങ്ങി എല്ലാ മേഖലയെയും സ്പർശിച്ച് സമഗ്രതയിൽ കൃഷിയെ സമീപിച്ച രീതി ആകർഷിച്ചെന്ന് ഡേവിസ്.
വിത്തിടലും വിളവെടുക്കലുമൊക്കെ ഉത്സവമായി. കൃഷിയെക്കുറിച്ചുള്ള അറിവുകൾ ക്ലാസുകളിലൂടെ പകർന്നു. കൃഷി ക്ലിനിക് തുറന്നു. നല്ല വിളവുണ്ടായി. വിളവെടുപ്പിനുമുന്പേ വിപണിയും വിലയും ഉറപ്പാക്കി. മൂല്യവർധിത ഉൽപ്പന്ന നിർമാണം പുതിയ തൊഴിൽമേഖല തുറന്നു. കാർഷിക പ്രദർശന വിപണനമേള സംഘടിപ്പിച്ച് കാർഷിക സംസ്കൃതിയെ ഉയരത്തിൽ പ്രതിഷ്ഠിച്ചു. ഒരുമാസം നീണ്ട ക്ലാസുകളും സെമിനാറും ശിൽപ്പശാലകളും നടന്നു. ഓൺലൈൻ മാർക്കറ്റ്, ‘ഫാം ടു കിച്ചൺ' പദ്ധതികളും ആരംഭിച്ചു.
കൃഷിയോടുള്ള ഉദ്യോഗസ്ഥസമീപവും മാറി. അവർ വിളിച്ചന്വേഷിക്കും. പ്രശ്നമുള്ളിടത്ത് ഓടിയെത്തും. സാമ്പത്തികമായി സഹായിക്കാൻ സഹകരണ ബാങ്കുകൾ സന്നദ്ധരായി. എല്ലാംകൊണ്ടും ‘കൃഷിക്കൊപ്പം കളമശേരി' നൽകുന്നത് പുത്തൻ ഉൗർജമാണെന്ന് ഡേവിസ്.











0 comments