സർവം എഐ മയം !
വിജ്ഞാനവേദിയായി ശാസ്‌ത്ര പാർലമെന്റ്

ശാസ്ത്ര പാർലമെന്റിൽ കുസാറ്റ് കംപ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. ജി സന്തോഷ്‌കുമാർ ‘നിർമിത ബുദ്ധി സാധ്യതകളും ആശങ്കകളും' വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കുന്നു
കൊച്ചി
കംപ്യൂട്ടറുകൾക്ക് ചിന്തിക്കാൻ കഴിയുമോ...? ചോദ്യംകേട്ട കുട്ടികൾക്കും ഇതേ സംശയം. കുട്ടികൾക്കുമാത്രമല്ല, രക്ഷിതാക്കൾക്കുമുണ്ട് സംശയങ്ങളേറെ. 1950ൽ അലൻ മാത്തിസൺ ട്യൂറിങ് എന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞനുണ്ടായ അതേ സംശയമാണ് പിന്നീട് നിർമിതബുദ്ധി എന്ന പുതിയ ശാഖയ്‌ക്ക് വഴിതെളിച്ചത്. തുടർന്ന് നിർമിതബുദ്ധിയുടെ ചരിത്രവും നാൾവഴികളും സ്‌ക്രീനിൽ ലഘുവിവരണത്തിന്റെ സഹായത്തോടെ വിശദീകരിച്ചത് വിജ്ഞാനപ്രദമായി.
മനുഷ്യജീവിതത്തിന്റെ ഭാഗമായിമാറിയ നിർമിതബുദ്ധിയെക്കുറിച്ച് ദേശാഭിമാനി സംഘടിപ്പിച്ച ശാസ്‌ത്ര പാർലമെന്റ് വിശദമായി ചർച്ചചെയ്തു. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായാണ് ‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’ വിഷയത്തിൽ ശാസ്‌ത്ര പാർലമെന്റ് നടത്തിയത്.
നിർമിതബുദ്ധി സമൂഹത്തിൽ വരുത്തിയ സ്വാധീനവും മാറ്റങ്ങളും കുസാറ്റിലെ കംപ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. ജി സന്തോഷ്‌കുമാർ ലളിതമായി വിവരിച്ചു.
ഒരുദിവസം ഗൂഗിൾ പ്രവർത്തനം നിലച്ചാൽ എന്തുസംഭവിക്കുമെന്ന് ചോദിച്ചപ്പോൾ വ്യത്യസ്ത മറുപടികളാണ് സദസ്സിൽനിന്ന് ഉയർന്നത്. നിർമിതബുദ്ധിയുടെ പ്രവർത്തനം, പ്രസക്തി തുടങ്ങിയവയെക്കുറിച്ചും വിശദമായി സംവദിച്ചു. എഐ സാങ്കേതികവിദ്യയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് അവതാരകൻ മറുപടി നൽകി. നിർമിതബുദ്ധിക്ക് ഭാവിയിൽ ബദൽ അനിവാര്യമാണെന്നും ഇല്ലെങ്കിൽ പല പ്രശ്‌നങ്ങൾക്കും ഇടവരുമെന്നും ശാസ്‌ത്ര പാർലമെന്റ് മുന്നറിയിപ്പ് നൽകി.








0 comments