ad
Deshabhimani

നിയന്ത്രണവിധേയമാകാതെ ഷിഗല്ല

കോളിയാടി സ്‌കൂൾ തുറന്നു; വിദ്യാർഥികൾ വീണ്ടും ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ ബത്തേരി ഷിഗല്ല നിയന്ത്രണവിധേയമാകുന്നതിനുമുന്പ്‌ രക്ഷിതാക്കളുടെ വിലക്കുകൾ മറികടന്ന്‌ കോളിയാടി മാർ ബസേലിയോസ്‌ എയുപി സ്‌കൂൾ തുറന്നു. സ്‌കൂളിലെത്തിയ മൂന്നാം ക്ലാസുകാരിയെ രോഗലക്ഷണങ്ങളെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദാർഥികൾക്ക്‌ ഷിഗല്ല പടർന്നതിനെ തുടർന്ന്‌ എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ അടച്ചതായിരുന്നു. ഭൂരിഭാഗം വിദ്യാർഥികളും ഷിഗല്ല ലക്ഷണങ്ങളോടെ ബത്തേരിയിലെയും അന്പലവയലിലെയും കോഴിക്കോട്ടെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പരിശോധിച്ചവർക്കെല്ലാം ഷിഗല്ല പോസിറ്റീവായി. രക്ഷിതാക്കളും അധ്യാപകരും രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി. ഡിസ്‌ചാർജായി മടങ്ങിയ കുട്ടികളും രക്ഷിതാക്കളിൽ ചിലരും വയറിളക്കവും പനിയും ഛർദിയും ഉണ്ടായതോടെ വീണ്ടും ആശുപത്രികളിൽ ചികിത്സക്കെത്തി. ഷിഗല്ല പൂർണമായും ഭേദമായിട്ട്‌ സ്‌കൂൾ തുറന്നാൽ മതിയെന്നായിരുന്നു രക്ഷിതാക്കളിൽ കൂടുതൽപേരുടെയും നിലപാട്‌. ഇതിനിടെയാണ്‌ തിങ്കളാഴ്‌ച ക്ലാസ്‌ ആരംഭിച്ചത്‌. സ്‌കൂളിൽ എത്തിയ കുട്ടികളിൽ ചിലർക്ക്‌ ക്ഷീണം അനുഭവപ്പെട്ടു. അമ്മായിപാലം സ്വദേശികളായ ദന്പതികളുടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഏഴുവയസ്സുള്ള പെൺകുട്ടിക്ക്‌ കലശലായ വയറുവേദന അനുഭവപ്പെട്ടു. ശുചിമുറിയിലേക്ക്‌ പോയ കുട്ടിയുടെ വയറ്റിൽനിന്ന്‌ രക്തംപോയതോടെ അധ്യാപകർ രക്ഷിതാക്കളെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. തുടർന്ന്‌ ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. വയറുവേദനയും പനിയും ഛർദിയും ബാധിച്ച്‌ സ്‌കൂൾ വിദ്യാർഥികളും രക്ഷിതാക്കളും കുടുംബാംഗങ്ങളുമായ പലരും ഞായറും തിങ്കളും താലൂക്ക്‌ ആശുപത്രികളിൽ എത്തിയെങ്കിലും ആശുപത്രി അധികൃതർ അഡ്‌മിറ്റാക്കാതെ പറഞ്ഞുവിട്ടു. അഡ്‌മിറ്റാക്കണമെന്ന്‌ നിർബന്ധം പിടിച്ച എട്ട്‌ കുട്ടികളെയും നാല്‌ രക്ഷിതാക്കളെയും രണ്ട്‌ കുട്ടികളുടെ സഹോദരങ്ങളെയും സ്‌കൂൾ വിദ്യാർഥിയല്ലാത്ത മാടക്കര സ്വദേശിയായ പതിനാലുകാരിയെയും താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ആഴ്‌ചകൾ കഴിഞ്ഞിട്ടും ഷിഗല്ല നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പിന്‌ സാധിച്ചിട്ടില്ല. പ്രതിരോധം പൂർണമായും പാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home