പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി; ആഗസ്‌തിൽ ഉൽപ്പാദനം തുടങ്ങും

പാലക്കുഴി പദ്ധതിക്കായി നിർമിച്ച വിയർ ഡാം
വേണു കെ ആലത്തൂർ
Published on Jun 23, 2026, 12:58 AM | 1 min read
പാലക്കാട്
ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ വൈദ്യുതി പദ്ധതിയായ പാലക്കുഴി മിനി ജലവെദ്യുത പദ്ധതിയിൽനിന്ന് ആഗസ്‌തിൽ ഉൽപ്പാദനം തുടങ്ങും. ഒരു മെഗാവാട്ടിന്റേതാണ് പദ്ധതി. ഇന്ത്യയിൽ ആദ്യമായാണ് തദ്ദേശ സ്ഥാപനം സ്വന്തമായി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്. ഒന്നാമത്തെ പദ്ധതി മീൻവല്ലം ലാഭകരമായി മുന്നോട്ട് പോകുകയാണ്. കെഎസ്‌ഇബിയുമായി കരാർ ഒപ്പിടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായാൽ പാലക്കുഴിയിൽനിന്ന് ഉൽപ്പാദനം തുടങ്ങും. ജില്ലാ പഞ്ചായത്തിനുകീഴിൽ രൂപീകരിച്ച പാലക്കാട് സ്‌മോൾ ഹൈഡ്രോ കമ്പിനി ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. തിണ്ടില്ലം വെള്ളച്ചാട്ടത്തെ ഉപയോഗപ്പെടുത്തിയാണ് ഉൽപ്പാദനം. 15.9 കോടിയാണ് നിർമാണച്ചെലവ്. തടയണയിൽ വെള്ളം ഉയർന്നാൽ റോഡ് മുങ്ങിപ്പോകാതരിക്കാൻ തടയണയുടെ മുകളിലൂടെ പാലം നിർമിച്ചിട്ടുണ്ട്. പവർ ഹൗസിൽ 500 കിലോ വാട്ട് സ്ഥാപിതശേഷിയുള്ള രണ്ട് ജനറേറ്ററും രണ്ട് പെൽട്ടൺ ടർബൈനും രണ്ട് സ്ഫെറിക്കൽ വാൽവും രണ്ട് ഗേറ്റ് വാൾവും രണ്ട് ഓയിൽ പ്രഷർ യൂണിറ്റും അനുബന്ധ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. പവർ ഹൗസിലേക്ക് നിർമിച്ച റോഡ് ജില്ലാ പഞ്ചായത്തിന്റെ ചെലവിൽ കോൺക്രീറ്റ് ചെയ്യുകയും ഒരു കൾവർട്ട് ബ്രിഡ്ജ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ ആരംഭിച്ച പദ്ധതിക്ക് വനഭൂമി ഏറ്റെടുക്കുന്നതിൽ കേന്ദ്രസർക്കാർ തടസ്സം നിന്നതിനാലാണ് നിർമാണം വൈകിയത്.









0 comments