51 ശതമാനം മഴക്കുറവ്
‘മഴയില്ലാ കാലവർഷ’ത്തിന്റെ ആശങ്കയിൽ കർഷകർ

കൽപ്പറ്റ മഴക്കുറവിന്റെ ആശങ്കയിൽ ജില്ല. വരൾച്ചാഭീതിയിലാണ് കർഷകർ. കാലവർഷത്തിൽ ജില്ലയിൽ ലഭിച്ചത് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ മഴയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്നുമുതൽ ഇൗ മാസം മൂന്നുവരെ ജില്ലയിൽ 51 ശതമാനം മഴക്കുറവാണുള്ളത്. 2245.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ 1094.9 മില്ലീ മീറ്റർ മാത്രമാണ് പെയ്‌തത്. വയനാട് കഴിഞ്ഞാൽ ഇടുക്കിയിലാണ് മഴക്കുറവ്. 45 ശതമാനമാണ് കുറവ്. മഴയിൽ ഗണ്യമായ കുറവുണ്ടായതോടെ വിളനാശവും ഉൽപ്പാദന കുറവുമുണ്ടാകുമെന്ന ആശങ്കയാണ് കർഷകർക്ക്. വയനാടിന്റെ തനത് നെൽവിത്തിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവ കൃഷിയിറക്കേണ്ട സമയത്ത് വയലുകൾ വറ്റിയതിനാൽ കൃത്യമായി കൃഷിയാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഓണം പിന്നിട്ടശേഷമാണ് ഭൂരിഭാഗം കർഷകർക്കും നെൽകൃഷി ആരംഭിക്കാനായത്. നെൽകൃഷി വൈകി ആരംഭിച്ചതും കാലാവസ്ഥ വ്യതിയാനവും ഉൽപ്പാദനത്തിൽ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്. ജൂണിലും ജൂലൈയിലും ആവശ്യത്തിന് മഴ കിട്ടാത്തതിനാൽ കുരുമുളക് കൃഷിയും പ്രതിസന്ധിയിലായി. മഴകുറഞ്ഞത് ചെടികളുടെ വളർച്ചയെ ബാധിച്ചതിനൊപ്പം നിലവിലെ വള്ളി കരിഞ്ഞുണങ്ങി കൊഴിയുന്നുമുണ്ടെന്ന് കർഷകർ പറഞ്ഞു. നവംബറിലും ഡിസംബറിലും കാപ്പി പാകമാകുന്നതിന് മണ്ണിൽ കൃത്യമായ ഈർപ്പംവേണം. മഴയില്ലാത്തത് കാപ്പിയുടെ അളവും ഗുണമേന്മയും കുറയ്ക്കും. മഴയുണ്ടായ ദിവസങ്ങളിൽ വ്യാപകമായ അളവിലാണ് പെയ്‌തത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരമ്പരാഗത മഴയ്ക്കുപകരം ഉച്ചയ്ക്കുശേഷം കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത തീവ്രതയോടെ പെയ്യുന്നരീതിയായിരുന്നു. ഇത്തരം മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ സമയം നൽകാതെ ഉപരിതലത്തിലൂടെ നേരിട്ട് ഒഴുകിപ്പോകും. കാപ്പിയുടെ കൊഴിച്ചിലിനും ഇതുകാരണാമായി. കിഴങ്ങ് വിളകൾ, നാണ്യവിളകൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദനത്തെയും ബാധിച്ചു. പുഴകൾ, തോടുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളില്ലെല്ലാം വെള്ളം കുറവാണ്. സെപ്‌തംബറിലും മഴകുറഞ്ഞ് വെയിൽ ശക്തമായാൽ ഇവയെല്ലാം വരളും. വനമേഖലയിലെ ജലസ്രോതസ്സുകൾ വറ്റിയാൽ വെള്ളവും ഭക്ഷണവും തേടി വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുമെന്ന ആശങ്കയുമുണ്ട്.









0 comments