ad
Deshabhimani

‘കൃഷിയല്ലേ അറിയൂ,
 അത്‌ ചെയ്യാതെ പറ്റില്ലല്ലോ...’

മുള്ളൻകൊല്ലി
വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 1 min read

കൊളവള്ളി ‘ഒരുമാസംമുന്പ്‌ വയലുഴുത്‌ ചോളം വിതച്ചതായിരുന്നു. മുളച്ചുപൊന്തിയില്ല. ഒരുചാറ്റൽമഴയാണ്‌ കിട്ടിയത്‌. മണ്ണിലേക്ക്‌ വെള്ളം ഇറങ്ങിയില്ല. മുകളിലുണ്ടായിരുന്ന വിത്ത്‌ അവിടവിടെ മുളച്ചെങ്കിലും കരിഞ്ഞ‍ു. ഇപ്പോൾ വീണ്ടും ഉഴുത്‌ സൂര്യകാന്തി വിത്തിട്ടിട്ടുണ്ട്‌. മുളയ്‌ക്കുമോ എന്നറിയില്ല. കൃഷിയല്ലേ അറിയൂ, അത്‌ ചെയ്യാതെ പറ്റില്ലല്ലോ..’ കൊളവള്ളിയിലെ കർഷകൻ ചേന്പനാൽ ജെയിംസ്‌ വരളുന്ന പാടം ചൂണ്ടിക്കാണിച്ച്‌ പറഞ്ഞു. വയൽ വരളുന്പോൾ ഇ‍ൗ കർഷകന്റെ കണ്ണിൽ നനവൂറുന്നുണ്ട്‌. മുള്ളൻകൊല്ലി തീരദേശമേഖലയിലെ കർഷക പ്രതിനിധിയാണ്‌ ജെയിംസ്‌. എല്ലാവരും സമാനപ്രതിസന്ധിയിലാണ്‌. ‘ജൂണിൽ മഴകിട്ടുമെന്ന്‌ കരുതിയാണ്‌ കൂടംവെട്ടി കപ്പ നട്ടത്‌. കുത്തിയ കപ്പക്കൊന്പെല്ലാം കരിഞ്ഞുണങ്ങിയിട്ടും മഴ പെയ്‌തില്ല. കുറച്ച്‌ നനയ്‌ക്കാൻ പറ്റുമായിരുന്നു. അതുമാത്രം മുളച്ചു. പണിയെടുത്തതല്ലേ കളയാൻ പറ്റില്ലല്ലോ. അതുകൊണ്ട്‌ വീണ്ടും കപ്പക്കൊന്പ്‌ വാങ്ങി, കൂടമിളക്കി നട്ടിട്ടുണ്ട്‌. മഴകിട്ടാതെ വന്നാൽ ഇതും ഉണങ്ങും’–ജെയിംസിന്റെ സങ്കടങ്ങൾ നീണ്ടു. ഒന്നരയേക്കർ വയലുണ്ട്‌. പാടമൊരുക്കി വിത്തിറക്കാൻ മഴ കാക്കുകയാണ്‌. കഴിഞ്ഞവർഷം സൂര്യകാന്തി കൃഷിചെയ്‌തതിന്റെ അനുഭവത്തിലാണ്‌ ഇത്തവണയും സൂര്യകാന്തിയിൽ പരീക്ഷണം നടത്തുന്നത്‌. മഴ ചതിക്കില്ലെന്നാണ്‌ ജെയിംസിന്റെ വിശ്വാസം. കബനിയും കന്നാരംപുഴയും കൂടിച്ചേരുന്ന കൊളവള്ളിയിൽ നിരവധി ഗോത്രകർഷകരുമുണ്ട്‌. ഭൂരിഭാഗവും നെൽകർഷകരാണ്‌. ഇവരും മഴ പ്രതീക്ഷിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home