പൂക്കോട് തടാകമാകെ പായലുകൾ
നീക്കാൻ നടപടിയില്ല

വൈത്തിരി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൂക്കോട് തടാകത്തിലെ പായലുകൾ നീക്കാൻ നടപടിയില്ല. തടാകത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി പായലുകൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. താമരശേരി ചുരം കയറിയെത്തുന്ന വിനോദസഞ്ചാരികൾ ആദ്യം പൂക്കോട് തടാകത്തിലാണ് എത്തുന്നത്. തടാകത്തിന്റെ വരുമാനത്തിൽ പ്രധാനം ബോട്ടുസവാരിയാണ്. 20 മിനിറ്റ്, അരമണിക്കൂർ എന്നിങ്ങനെയാണ് ബോട്ടുസവാരിയുടെ സമയം. പായലുള്ളതിനാൽ ബോട്ട് സവാരി പ്രതിസന്ധിയിലാണ്. ബോട്ടിന്റെ ഷാഫ്റ്റിൽ പായൽ കുടുങ്ങുകയാണ്. കൂടുതൽ പായൽ കെട്ടിക്കിടക്കുന്ന ഭാഗം ചരട് കെട്ടി വേർതിരിച്ചിട്ടുണ്ട്. ഇതോടെ നിശ്ചിത ഭാഗത്ത് മാത്രമാണ് ബോട്ടിങ്. 5.71 ഹെക്‌ടർ തടാകത്തിന്റെ പകുതിയിലധികം പായൽ കൈയടക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബോട്ടുജെട്ടി സ്ഥാപിച്ചിരുന്നു. ഇതിനോട് ചേർന്ന ഭാഗങ്ങളിലും നിലവിൽ പായൽ അടിഞ്ഞുകൂടി. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന കേന്ദ്രത്തിൽ പായൽ കാരണം വരുമാനം കുറയുമോയെന്ന ഭയത്തിലാണ് അധികൃതർ. 2021-ൽ രണ്ടരക്കോടി രൂപ ചെലവിൽ ചെളിയും പായലും നീക്കിയിരുന്നു. എന്നാൽ, തുടർന്നും പായൽ നിറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകത്തിലെ പായൽ പൂർണമായും നീക്കി സംരക്ഷിക്കണമെന്നാണ് ആവശ്യം.









0 comments