ഉരുൾ തകർത്ത റോഡുകളുടെ പുനർനിർമാണം ചൂരൽമല–-അട്ടമല പാത ടാറിങ്ങിലേക്ക്

ചൂരൽമല ഉരുളിൽ തകർന്ന ചൂരൽമലയിലെയും മുണ്ടക്കൈയിലെയും റോഡുകളുടെ പുനർനിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. ഏഴ് റോഡുകൾ 24 കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്. ചൂരൽമല–-അട്ടമല റോഡിന്റെ പ്രവൃത്തി ടാറിങ്ങിലേക്ക് കടക്കുന്നു. ഒമ്പത് കോടി രൂപ വിനിയോഗിച്ച് അത്യാധുനിക നിലവാരത്തിൽ ബിഎം ആൻഡ് ബിസി റോഡാണ് നിർമിക്കുന്നത്. മാർച്ച് അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കും. വീതി വർധിപ്പിച്ച് 3.80 മീറ്ററാക്കി വശങ്ങളിൽ കോൺക്രീറ്റ് ചുവരുകളൊരുക്കി കല്ലിട്ട് കെട്ടിയാണ് നിർമാണം. രണ്ട് കിലോമീറ്ററിലധികം ഡ്രെയ്‌നേജിന്റെ പ്രവൃത്തി കഴിഞ്ഞു. ഏഴ് കൾവർട്ടുകൾ നിർമിച്ചു. മണ്ണ് ഉറപ്പിച്ച് ജിഎസ്‌പി വിരിച്ച് ടാറിങ്ങിന് സജ്ജമാക്കി. ഗോപിമൂല– വില്ലേജ് ഓഫീസ് റോഡിന്റെ പ്രവൃത്തിയും ആരംഭിച്ചു. കോൺക്രീറ്റ് സംരക്ഷണഭിത്തിയടക്കം നിർമിച്ച് അരക്കിലോമീറ്ററാണ് കോൺക്രീറ്റ് ചെയ്യുന്നത്. വില്ലേജ് ഓഫീസ്– ഡാംസൈറ്റ് റോഡ് പ്രവൃത്തിയും ഉടൻ ആരംഭിക്കും. ചൂരൽമല സ്‌കൂൾ റോഡിലെ ഉരുൾ അവശിഷ്‌ടങ്ങൾ പൊട്ടിച്ചുനീക്കുന്ന പ്രവൃത്തി കഴിഞ്ഞയുടൻ വെള്ളാർമല–പടവെട്ടി റോഡിന്റെ നിർമാണം തുടങ്ങും. മുണ്ടക്കൈ–-പുഞ്ചിരിമട്ടം, പുഞ്ചിരിമട്ടം–- വനറാണി, ജിഎൽപിഎസ്–-എട്ടാം നമ്പർ തുടങ്ങി ഏഴ് റോഡിന്റെ പ്രവൃത്തിയും മെയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മൂന്നുമുതൽ 3.80 വരെ മീറ്റർ വീതിയിലാണ് റോഡുകൾ നിർമിക്കുന്നത്. പുഞ്ചിരിമട്ടം–-വനറാണി, മുണ്ടക്കൈ ജിഎൽപി സ്‌കൂൾ–എട്ടാം നമ്പർ എന്നിവിടങ്ങളിൽ പുതിയ പാലവും നിർമിക്കുന്നുണ്ട്. ചൂരൽമല പാലവും ടൗണും പുനർനിർമിക്കും.










0 comments