സന്ധ്യക്ക് സ്വന്തം ഇൗ കുഴിമാടം മാത്രം

പുത്തുമല കൂടപ്പിറപ്പും കുടുംബവും ഒരുമിച്ചുറങ്ങുന്ന കുഴിമാടത്തിനരികിൽ സന്ധ്യ വിങ്ങിപ്പൊട്ടി. കണ്ണീരിൽ നനഞ്ഞുകുതിർന്ന പൂക്കൾ കുഴിമാടത്തിനുമേൽ വയ്‌ക്കുന്പോൾ ദുഃഖം അണപൊട്ടിയൊഴുകി. മുട്ടുകുത്തി കുന്പിട്ട് നിലവിളിച്ച സന്ധ്യയെ ഭർത്താവ് കർണൻ പിടിച്ചെഴുന്നേൽപ്പിച്ചിട്ടും കരച്ചിലടങ്ങിയില്ല. ‘ഹൃദയഭൂമി’യിൽ ഒരു കുഴിമാടത്തിൽ അന്ത്യനിദ്രയിലുള്ള ഇരട്ട സഹോദരി സൗമ്യയുടെയും ഭർത്താവ് ബാലഗോപാലിന്റെയും ഇവരുടെ ഇരട്ടമക്കളായ വൈഷ്‌ണവിന്റെയും വർഷയുടെയും അരികിലേക്ക് തമഴ്‌നാട് ദേവാലയിൽനിന്നുമാണ് സന്ധ്യ എത്തിയത്. ദുരന്തത്തോടെ ഉറ്റവർ ആരുമില്ലാതായതാണ്. അച്ഛൻ ചെറുതിലേ ഉപേക്ഷിച്ചു. അമ്മ സുലോചനയും സഹോദരൻ രതീഷും ഇരട്ടസഹോദരി സൗമ്യയും കുടുംബവുമായിരുന്നു ഉണ്ടായിരുന്നത്. അമ്മയും സഹോദരനും മരിച്ചശേഷം സൗമ്യയും കുടുംബവും മാത്രമായി. മുണ്ടക്കൈ ദുരന്തം ഇവരെയും കവർന്നതോടെ വേരറ്റു. ഉരുൾപൊട്ടലിൽ സഹോദരിയും കുടുംബവും താമസിച്ചിരുന്ന തറവാടുൾപ്പെടെ ഒലിച്ചുപോയി. വയനാട്ടിൽ കാത്തിരിക്കാൻ ഇനി ആരുമില്ല. വരാനിടമില്ല. അമ്മയും സഹോദരനും അന്തിയുറങ്ങിയ മുണ്ടക്കൈയിലെ ഭൂമിയും ഇല്ലാതായി. ഹൃദയഭൂമിയിലെ സഹോദരിയുടെയും കുടുംബത്തിന്റെയും കുഴിമാടം മാത്രമാണ് സന്ധ്യയ്‌ക്ക് സ്വന്തമായുള്ളത്. കരഞ്ഞുതളർന്ന ഭാര്യയെ താങ്ങി നീങ്ങുന്പോൾ കർണന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.










0 comments