ad
Deshabhimani

സബ്‌മിഷനിലൂടെ അട്ടിമറിക്ക്‌ 
ഉ‍ൗർജം പകർന്ന്‌ എംഎൽഎ

medical college
വെബ് ഡെസ്ക്

Published on Jun 24, 2026, 12:01 AM | 1 min read

സ്വന്തം ലേഖകൻ മാനന്തവാടി നിയമസഭയിൽ വസ്‌തുതാവിരുദ്ധ സബ്‌മിഷൻ ഉന്നയിച്ച്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി അട്ടിമറിക്ക്‌ വീണ്ടും ഉ‍ൗർജം പകർന്ന്‌ ഉഷാ വിജയൻ എംഎൽഎ. കോളേജിന്റെയും ആശുപത്രിയുടെയും തുടർമുന്നേറ്റത്തിന്‌ ഇടപെടേണ്ട എംഎൽഎ നിയമസഭയിൽ നുണ പറഞ്ഞും രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചും മെഡിക്കൽ കോളേജ്‌ മാനന്തവാടിയിൽനിന്ന്‌ മാറ്റാൻ ശ്രമിക്കുന്നവർക്ക്‌ വീണ്ടം ആയുധം നൽകി. ‘എൽഡിഎഫ്‌ സർക്കാർ ജില്ലാ ആശുപത്രിക്ക്‌ മെഡിക്കൽ കോളേജ്‌ എന്ന ബോർഡ്‌ വച്ചതല്ലാതെ മറ്റൊന്നും ചെയ്‌തില്ല, ആശുപത്രിയിൽ മരണം സ്ഥിരീകരിക്കാൻപോലും ഡോക്ടർമാരില്ല, ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടി ഡോക്ടർമാരെയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌’– ഇങ്ങനെ നീണ്ടു അബദ്ധജഡിലമായ സബ്‌മിഷൻ. എംബിബിഎസ്‌ ക്ലാസ്‌ ആരംഭിച്ചിട്ട്‌ ഒരുവർഷം ആകുന്നതേയുള്ളൂവെന്നുപോലും എംഎൽഎയ്‌ക്ക്‌ അറിയില്ല. ആരോഗ്യമന്ത്രി കെ മുരളീധരന്റെ മറുപടിയാകട്ടെ വിഷയം പഠിക്കാതെയുള്ളതുമായി. മെഡിക്കൽ കോളേജിനായി അന്പുകുത്തിയിൽ വനംവകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്പോഴും കേന്ദ്രത്തിൽനിന്ന്‌ അനുമതി കിട്ടില്ലെന്ന മുൻവിധിയായിരുന്നു മന്ത്രിയുടെ മറുപടിയിൽ. എൽഡിഎഫ്‌ സർക്കാർ കേന്ദ്ര–വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ്‌ പോർട്ടലിൽ നൽകിയ അപേക്ഷയിൽ കേന്ദ്രം തേടിയ സംശയങ്ങളെ മറയാക്കിയായിരുന്നു ഭൂമി കിട്ടില്ലെന്ന മന്ത്രിയുടെ നിലപാട്‌. കേന്ദ്രം ചോദിച്ച സംശയങ്ങൾക്ക്‌ ആഴ്‌ചകൾക്ക്‌ മുന്പുപോലും വിശദീകരണം നൽകിയതാണ്‌. ഏത്‌ ആവശ്യങ്ങൾക്ക്‌ വനഭൂമി ഏറ്റെടുക്കുന്പോഴും ഇത്തരം നടപടി സ്വാഭാവികമാണ്‌. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയത്‌ എപ്പോഴാണെന്നുപോലും മനസ്സിലാക്കാതെയാണ്‌ ഉഷാ വിജയൻ സബ്‌മിഷൻ ഉന്നയിച്ചത്‌. 2023ൽ ആണ്‌ മെഡിക്കൽ കോളേജായി ഉയർത്തിയതെന്നാണ്‌ സബ്‌മിഷനിൽ പറഞ്ഞത്‌. എന്നാൽ 2021 ഫെബ്രുവരി 12ന്‌ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി ഒരുപാട്‌ മുന്നേറിയതാണ്‌. ഇതിന്റെ തുടർച്ചയ്‌ക്കാണ്‌ സ്ഥലം എംഎൽഎ ശ്രമിക്കേണ്ടത്‌. എൽഡിഎഫ്‌ സർക്കാർ അനുവദിച്ച കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റികൾ തുടങ്ങുന്നതിനാവശ്യമായ ചോദ്യവും അതിന്റെ നടപടികളിലേക്ക്‌ ശ്രദ്ധക്ഷണിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. എന്നാൽ മെഡിക്കൽ കോളേജിൽ ഒന്നുമില്ലെന്ന പ്രതീതി സൃഷ്‌ടിക്കുകയായിരുന്നു. വസ്‌തുതകൾ മറച്ചുവച്ച്‌ കോൺഗ്രസ്‌ പൊതുയോഗത്തിലെന്നതുപോലെ നിയമസഭയിൽ കേവലം രാഷ്‌ട്രീയ ആരോപണം ഉന്നയിക്കുന്നത്‌ മെഡിക്കൽ കോളേജ്‌ വികസനത്തിന്‌ തിരിച്ചടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home