print edition യുഡിഎഫിന്റേത് സ്വകാര്യവൽക്കരണനയം ; കേരളത്തിന്റെ ബദലുകൾ ഇല്ലാതാകുന്നു: പിണറായി

തിരുവനന്തപുരം: കേരളം മുന്നോട്ടുവച്ച ബദലുകൾ അവസാനിക്കുന്നു എന്നതിന്റെ തെളിവാണ് യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കമ്പോളം സർവവും നിയന്ത്രിക്കുന്ന പഴയ ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രഖ്യാപനമാണ് രണ്ട് രേഖകളെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘നിയോ ലിബറൽ അജൻഡകളുടെ തിരിച്ചുവരവ്: യുഡിഎഫ് ധവളപത്രവും ബജറ്റും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ സാന്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കാൻ യുഡിഎഫ് തയ്യാറല്ല. പകരം വെള്ളപൂശാൻ ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ വർഗപക്ഷപാതിത്വം ഒരുമാസംകൊണ്ട് വ്യക്തമാക്കുന്നതാണ് ധവളപത്രവും ബജറ്റും. കേരളത്തിന്റെ തിരിച്ചുനടത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയെന്ന് വരുത്തിത്തീർത്ത്, കടംകയറി മുടിഞ്ഞു എന്ന ചിത്രമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതാണ് സാമ്പത്തികബാധ്യതയ്ക്ക് കാരണമെന്നും പ്രചരിപ്പിക്കുന്നു.
ചങ്ങാത്തമുതലാളിത്തത്തിന് കളമൊരുക്കുന്നതിനുള്ള നിർദേശങ്ങളാണ് ധവളപത്രത്തിലും ബജറ്റിലുമുള്ളത്. അവയിൽ ഒളിഞ്ഞിരിപ്പുള്ള അജൻഡകളിൽ പലതും പുറത്തുവന്നിട്ടില്ല. സകലമേഖലയിലും കോർപറേറ്റ് യുക്തിക്കനുസൃതമായ ആശയങ്ങളാണുള്ളത്. സമ്പൂർണമായ സ്വകാര്യവൽക്കരണ അജൻഡയാണ് നടപ്പാക്കാൻ പോകുന്നത്. സംസ്ഥാന താൽപ്പര്യം ബലികഴിച്ച്, കുത്തകകൾക്ക് കീഴ്പെടലാണ് ധവളപത്രവും ബജറ്റും. അതിനെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നും പിണറായി വിജയൻ പറഞ്ഞു.









0 comments