നഗരസഭ അറിയുന്നുണ്ടോ...? ബൈപാസ് റോഡിലെ ദുരിതം

മാനന്തവാടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡ് കുണ്ടുംകുഴിയുമായി യാത്രാദുരിതം. എരുമത്തെരുവ് മത്സ്യ മാര്‍ക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ചെറ്റപാലം വഴി വള്ളിയൂര്‍ക്കാവ് ക്ഷേത്രംവരെയുള്ള റോഡാണിത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ചെറ്റപ്പാലംമുതല്‍ വള്ളിയൂര്‍ക്കാവുവരെയുള്ള ഭാഗമാണ് കുഴിനിറഞ്ഞത്. മഴ പെയ്‌തതോടെ കുഴികളില്‍ വെള്ളംനിറഞ്ഞ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. രാത്രികാലങ്ങളില്‍ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. ചെറ്റപ്പാലം, വരടിമൂല പ്രദേശവാസികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. രാവിലെ മദ്രസയിലേക്കും സ്‌കൂളിലേക്കും കാല്‍നടയായി പോകുന്ന കുട്ടികളടക്കം പ്രതിസന്ധിയിലാണ്. വാഹനം വരുമ്പോള്‍ മാറിനില്‍ക്കാനാകാത്തതിനാൽ ചെളിവെള്ളം തെറിക്കുന്നുമുണ്ട്. റോഡ് നവീകരിക്കേണ്ട നഗരസഭാ അധികൃതരാകട്ടെ ഇതുകണ്ട മട്ടുമില്ല. മുന്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ രണ്ടരക്കോടി രൂപ റോഡ് നവീകരണത്തിന് അനുവദിച്ചിരുന്നു. എന്നാല്‍, ഭരണം മാറിയതോടെ എസ്റ്റിമേറ്റ് എടുക്കാന്‍പോലും നഗരസഭ തയ്യാറായിട്ടില്ല. മുന്പ് രണ്ടുതവണ നാട്ടുകാര്‍ ചേര്‍ന്ന് കുഴികളടച്ചിരുന്നു. അടിയന്തരമായി കുഴികളടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.










0 comments