കുണ്ടൂപ്പറമ്പ് പകല്‍വീട്​ 
ഇനി മാതൃകാ സായംപ്രഭാ ഭവനം

കുണ്ടൂപ്പറമ്പ് സായംപ്രഭാ പകല്‍വീട്ടിലെ കൂട്ടുകാര്‍ മന്ത്രി ആര്‍ ബിന്ദുവിനെ 
സ്വകരിക്കാനെത്തിയപ്പോള്‍

കുണ്ടൂപ്പറമ്പ് സായംപ്രഭാ പകല്‍വീട്ടിലെ കൂട്ടുകാര്‍ മന്ത്രി ആര്‍ ബിന്ദുവിനെ 
സ്വകരിക്കാനെത്തിയപ്പോള്‍

വെബ് ഡെസ്ക്

Published on Aug 06, 2025, 02:03 AM | 1 min read

കോഴിക്കോട്​ ‘വയോജനങ്ങൾക്കാശ്രയമേകും കുണ്ടൂപ്പറമ്പ് പകൽവീട് കൂട്ടായ്മക്കൊരു പുതിയ ചരിത്രം കുറിച്ചുവയ്ക്കും ഈ പകൽ വീട്...’ ശോശാമ്മടീച്ചറുടെ പാട്ട് അവരുടെ സന്തോഷത്തിന്റെ രേഖപ്പെടുത്തലാണ്​. കുണ്ടൂപ്പറമ്പ് പകൽ വീടിനെ സാമൂഹികനീതി വകുപ്പിന്റെ ജില്ലയിലെ മാതൃകാ സായംപ്രഭാഭവനമായി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്താൻ മന്ത്രി ആർ ബിന്ദു എത്തുമെന്നറിഞ്ഞപ്പോൾ തന്നെ അവർ ഒരുക്കം തുടങ്ങിയിരുന്നു. സന്തോഷവും സങ്കടങ്ങളും പങ്കുവയ്ക്കാൻ ശോശാമ്മയ്​ക്കൊപ്പം എല്ലാവരും കൂടി. പകൽ വീട്​ അംഗങ്ങളെ മന്ത്രിയും ചേർത്തുപിടിച്ചു. കുണ്ടൂപ്പറമ്പ് പകൽ വീടിനെ മാതൃകാ സായം പ്രഭാഭവനമായി ഏറ്റെടുക്കുന്നതായി മന്ത്രി അറിയിച്ചു. വയോജനങ്ങൾക്കുള്ള എല്ലാ പിന്തുണയും സാമൂഹികനീതി വകുപ്പ് ഉറപ്പുവരുത്തും. കുടുംബാന്തരീക്ഷത്തിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ ചേർത്തുനിർത്തുന്ന പകൽ വീടുകളെ ഒപ്പം നിർത്തുമെന്നും ആർ ബിന്ദു പറഞ്ഞു. അതിഥിയായെത്തിയ മന്ത്രിക്ക് രുചികരമായ ഉച്ചഭക്ഷണം അംഗങ്ങൾ ഒരുക്കി. ജനകീയ കമ്മിറ്റി രൂപീകരിച്ച് കോർപറേഷന്റെ സഹകരണത്തോടെയാണ് കുണ്ടൂപ്പറമ്പ് ഹെൽത്ത് സെന്ററിനോട് ചേർന്നുള്ള പകൽ വീടിന്റെ പ്രവർത്തനം. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 464 പേർ അംഗങ്ങൾ. അമ്പതിനും അറുപത്തഞ്ചിനും ഇടയിൽ അംഗങ്ങൾ ദിവസവും എത്തും. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. മൂന്നുനേരം ഭക്ഷണം, കലാപരിപാടികൾ, പുസ്തകവായന തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ട്. കോർപറേഷന്റെ കെയർടേക്കറും വളന്റിയർമാരും ചേർന്നാണ് ഭക്ഷണമൊരുക്കുന്നത്. മാതൃകാ സായംപ്രഭാ ഹോമായി പകൽ വീടിനെ ഏറ്റെടുക്കുന്നതോടെ കൂടുതൽ പാചക, ശുചീകരണ തൊഴിലാളികളുടെ നിയമനം, ഫിസിയോ തെറാപ്പിസ്റ്റുമാരുടെ സേവനം തുടങ്ങിയവ ലഭ്യമാകും. പകൽ വീട് സന്ദർശനത്തിൽ മേയർ ബീന ഫിലിപ്പ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ ദിവാകരൻ, കൗൺസിലർ വി പി മനോജ്, ടി മുരളീധരൻ, വാർഡ് കൗൺസിലർ കെ റീജ, പകൽ വീട് കൺവീനർ ടി എസ് ഷിംജിത്ത്, കമ്മിറ്റി അംഗങ്ങളായ ഭാസ്‌കരൻ, കുട്ടികൃഷ്ണൻ, സുഗീഷ്, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home