ad
Deshabhimani

കെഎസ്ആര്‍ടിസിയുടെ അനാസ്ഥയിൽ
ദുരിതത്തിലായി വിശ്വാസികൾ

കെഎസ്ആര്‍ടിസി
വെബ് ഡെസ്ക്

Published on Aug 13, 2026, 01:32 AM | 1 min read

തിരുനെല്ലി കര്‍ക്കിടകവാവ്‌ ബലിതർപ്പണത്തിന്റെ ഭാഗമായി കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌ നടത്താത്തതിനാൽ ദുരിതത്തിലായി വിശ്വാസികൾ. ബുധനാഴ്‌ച ബലിതർപ്പണത്തിനായി തിരുനെല്ലി ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ്‌ കെഎസ്ആര്‍ടിസിയുടെ അനാസ്ഥയിൽ മണിക്കൂറുകളോളം വലഞ്ഞത്‌. ബലിതർപ്പണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്‌ നടത്താറുണ്ടായിരുന്നു. ഇ‍ൗ വർഷം സർവീസ്‌ നടത്താത്തതിനാൽ പിതൃതര്‍പ്പണം കഴിഞ്ഞ് മടങ്ങാനിരുന്ന നൂറുകണക്കിന് വിശ്വാസികളാണ്‌ പെരുവഴിയിലായത്‌. വിദൂരസ്ഥലങ്ങളില്‍നിന്നും എത്തിയ സ്‌ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ട് മണിക്കൂറിലധികമാണ് ഇവര്‍ ബസ്സിനായി കാത്തിരുന്നത്. വിവരമറിഞ്ഞതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കെഎസ്ആര്‍ടിസി അധികൃതരുമായും ദേവസ്വം അധികൃതരുമായും ചര്‍ച്ച നടത്തി. അടിയന്തര സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തില്‍ അധികൃതര്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്. ഇതോടെ ഡിവൈഎഫ്‌ഐ സമരം ശക്തമാക്കി. മാനന്തവാടി താഴെയങ്ങാടിയിലെ ഡിപ്പോ രണ്ട് മണിക്കൂറോളം ഉപരോധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അഞ്ച് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. ദേവസ്വം അധികൃതര്‍ പത്ത് ജീപ്പുകൾ ഒരുക്കി. പ്രത്യേക സര്‍വീസ് ആരംഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഡിവൈഎഫ്‌ഐ പ്രതിഷേധമുയർത്തിയിരുന്നു. പ്രതിഷേധ സമരത്തിന് ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍, ബ്ലോക്ക് സെക്രട്ടറി വി ബി ബബീഷ്, കെ അഖില്‍, നിരഞ്ജന അജയകുമാര്‍, അമല്‍ ജെയ്ന്‍, കെ സി നിധിന്‍, കെ കെ ശ്രീജിത്ത്, അര്‍ജുന്‍ വെണ്‍മണി, ഹരീഷ് എരുമത്തെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home