മഹാരാഷ്ട്രയിൽ നിന്നെത്തിച്ച കഴുകൻ ചത്തു

ഗൂഡല്ലൂർ മഹാരാഷ്ട്രയിലെ തഡോബ ആന്തോരി കടുവ സംരക്ഷണ കേന്ദ്രത്തിൽനിന്ന് മുതുമലയിൽ എത്തിച്ച് തുറന്നുവിട്ട വംശനാശ ഭീഷിണി നേരിടുന്ന വെള്ള-മുതുക് കഴുകൻ (ചുട്ടിക്കഴുകൻ) വൈദ്യുതാഘാതമേറ്റ് ചത്തു. റേഡിയോ കോളർ ഘടിപ്പിച്ച കഴുകനെ ഊട്ടിക്ക് സമീപമുള്ള എപ്പനാട് വനമേഖലയിൽ തിങ്കളാഴ്ചയാണ് ചത്തനിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സംരക്ഷണ കേന്ദ്രത്തിൽ വളർത്തിയ കഴുകനെ ഡിസംബറിലാണ് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടത്. കർണാടകത്തിലെ കൽബുർഗിയിൽനിന്ന് അവശനിലയിൽ കണ്ടെത്തിയ കഴുകനെ കർണാടകം വനംവകുപ്പ് ചികിത്സ നൽകി വെള്ള-മുതുക് കഴുകന്മാരുടെ സാന്നിധ്യം കൂടുതലുള്ള മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ മായാർ, സിഗൂർ വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. ഏപ്രിൽ മുതൽ തമിഴ്‌നാട്, കർണാടകം വനംവകുപ്പുകൾ ഈ കഴുകന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. പുതിയ പരിസ്ഥിതിയുമായി പൂർണമായി ഇണങ്ങിച്ചേരാൻ കഴിയാതെ ഊട്ടിക്ക് സമീപം കല്ലട്ടി, എപ്പനാട് പ്രദേശങ്ങളിലാണ് കഴുകൻ ചുറ്റിത്തിരിഞ്ഞത്. എപ്പനാട് വനമേഖലയിലൂടെ പറക്കുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ തട്ടി ചത്തതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.











0 comments