ad
Deshabhimani

കല്ലട്ടി ചുരത്തിലെ ഗതാഗത നിരോധനം മസിനഗുഡിയിൽ 
ഹർത്താൽ പൂർണം

കല്ലട്ടി
വെബ് ഡെസ്ക്

Published on May 09, 2026, 12:01 AM | 1 min read

ഗൂഡല്ലൂർ കല്ലട്ടി ചുരം വഴി ഊട്ടിയിലേക്കുള്ള വിനോദസഞ്ചാര വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതിൽ പ്രതിഷേധിച്ച് മസിനഗുഡി പഞ്ചായത്തിൽ പ്രഖ്യാപിച്ച 24 മണിക്കൂർ ഹർത്താൽ പൂർണം. വെള്ളി രാവിലെ ആരംഭിച്ച സമരം ശനി രാവിലെ ആറുവരെ നീണ്ടു. പഞ്ചായത്ത് പരിധിയിലെ മാവനല്ല, ബൊക്കാപുരം, വാഴത്തോട്ടം ഉൾപ്പെടെയുള്ള ട‍ൗണുകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ടൂറിസ്റ്റ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കോടതി ഉത്തരവിനെത്തുടർന്ന് ഏപ്രിൽ 29 മുതലാണ് ഈ പാതയിലൂടെയുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിരോധിച്ചത്. ഇതോടെ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ലോഡ്‌ജുകൾ എന്നിവ കടുത്ത പ്രതിസന്ധിയിലായി. സിഗൂർ പാലത്തിന് സമീപം ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വാഹനങ്ങൾ തടയുന്നതോടെ സഞ്ചാരികൾ മസിനഗുഡിയിലേക്ക് വരുന്നത് നിലച്ചു. നിലവിൽ മൈസൂർ –- ഊട്ടി ദേശീയപാതയിലെ തെപ്പക്കാടുനിന്നും വാഹനങ്ങൾ ഗൂഡല്ലൂർ വഴി തിരിച്ചുവിടുകയാണ്‌. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്‌. ചുരത്തിൽ അപകടങ്ങൾ വർധിച്ചതോടെ ഊട്ടിയിൽനിന്നും താഴേക്കുള്ള യാത്ര നേരത്തെ തടഞ്ഞിരുന്നു. എന്നാൽ മുകളിലേക്ക് പോകാൻ അനുവദിച്ചിരുന്നു. ഇതുകൂടി നിരോധിച്ചതോടെയാണ് പ്രദേശവാസികൾ സമരവുമായി രംഗത്തിറങ്ങിയത്. കല്ലട്ടി വഴി ഊട്ടിയിലേക്ക് കയറാൻ വാഹനങ്ങളെ അനുവദിക്കണമെന്നും മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർത്താൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home