അറമലയിൽ കാട്ടാനയുടെ പരാക്രമം
വീടിന് മുകളിലേക്ക് തെങ്ങുമറിച്ചിട്ടു കുടുംബം രക്ഷപ്പെട്ടത് തലനാഴിരയ്‌ക്ക്

വൈത്തിരി അറമലയിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് കാട്ടാനയുടെ പരാക്രമം. തലനാഴിരയ്‌ക്കാണ് കുടുംബം രക്ഷപ്പെട്ടത്. ചൊവ്വ പുലർച്ചെ നാലോടെ മൂച്ചിത്തറയിൽ അബ്ദുറഹ്മാന്റെ വീട്ടിലാണ് കാട്ടാന ഭയംവിതച്ചത്. ഓടും സീലിങ്ങും തകർത്ത് തെങ്ങ് കിടപ്പുമുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. കാട്ടാനയുടെ ശബ്ദംകേട്ട വീട്ടുകാർ ഭയന്ന് ഒറ്റമുറിയിലേക്ക് മാറിയതിനാലാണ് രക്ഷപ്പെട്ടത്. ഏഴുപേരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഓണാക്കാനായി എഴുന്നേറ്റപ്പോഴാണ് ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സമീപത്തെ വാഴകൃഷിയും നശിപ്പിച്ചാണ് കാട്ടാന മടങ്ങിയത്. സമീപത്തെ വനമേഖലയിൽനിന്ന് നിരന്തരം കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്കെത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനകളെ പേടിച്ച് രാത്രിയിൽ വീടുകളുടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഉറക്കംപോലും നഷ്ടപ്പെട്ട സ്ഥിതിയിലാണ് നാടാകെ. കൂട്ടമായും ഒറ്റയായും എത്തുന്ന കാട്ടാനകൾ പ്രദേശത്താകെ ഭീതി സൃഷ്ടിച്ച് നാശനഷ്‌ടമുണ്ടാക്കുന്നത് പതിവായിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല. മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിക്കുന്ന ആനക്കൂട്ടത്തെ ശബ്ദമുണ്ടാക്കി തുരത്താൻ ശ്രമിച്ചാലും ഫലമുണ്ടാകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. പകലും ആനയുടെ സാന്നിധ്യമുണ്ട്. വിദ്യാർഥികർ ഭയത്തോടെയാണ് പുലർച്ചെയും രാവിലെയും മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്നത്. മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികൾക്കായി രക്ഷിതാക്കൾ പ്രത്യേക വാഹനങ്ങൾ ഒരുക്കിയിരിക്കുകയാണിപ്പോൾ. പ്രദേശത്തെ വനാതിർത്തിയിൽ ഫെൻസിങ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തീകരിച്ചിട്ടില്ല. രണ്ട് കിലോമീറ്ററോളം സംരക്ഷണം ഒരുക്കിയാൽ നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാകും. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കി കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീടിനുള്ളിലേക്കാണ് കാട്ടാനയെത്തുന്നത് തെങ്ങുവീണ് സീലിങ്ങിന്റെ മുകളിലേക്ക് പതിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീടാകെ അടർന്നുവീണു. സംഭവിക്കുന്നത് എന്തെന്നറിയാതെ കുട്ടികളടക്കം പേടിച്ചുവിറച്ചുപോയി. കാട്ടാനയെ പേടിച്ച് രാത്രിയും പകലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. വീടിനുള്ളിലേക്കാണ് കാട്ടാനയെത്തുന്നത്. ജീവനും സ്വത്തിനും സംരക്ഷണം വേണം. –ജംഷീദ്, മൂച്ചിത്തറയിൽ വീട്ടുകാരൻ










0 comments