നവീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് സിപിഐ എം

മാനന്തവാടി നഗരസഭ 34ാം വാര്‍ഡിലെ കണിയാരം പിലാക്കാവ് റോഡ് നവീകരിച്ച് മാസങ്ങൾക്കുള്ളിൽ തകര്‍ന്നതിനെ തുടര്‍ന്ന് സിപിഐ എം നേതൃത്വത്തില്‍ മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് മാസങ്ങള്‍ക്കുമുമ്പ് കണിയാരം ടൗണ്‍മുതല്‍ കണിയാരം എഎല്‍പി സ്‌കൂള്‍വരെയുള്ള ഭാഗത്തെ കുഴിയടച്ചിരുന്നു. എന്നാല്‍, മഴപെയ്‌തതോടെ വീണ്ടും തകരുകയായിരുന്നു. കുഴിയടച്ച ഭാഗത്ത് വീണ്ടും വലിയ കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. നിർമാണത്തിലെ അപാകമാണ് റോഡ് തകരാന്‍ കാരണമെന്ന് വ്യാപക പരാതിയുണ്ട്. ചൊവ്വ രാവിലെ സിപിഐ എം നേതൃത്വത്തില്‍ മാനന്തവാടി നഗരസഭാ സെക്രട്ടറി അനില്‍ രാമകൃഷ്‌ണനെ ഉപരോധിച്ചു. രണ്ട് ദിവസത്തിനകം കുഴികള്‍ താൽക്കാലികമായി അടയ്‌ക്കാമെന്നും മഴമാറിയ ഉടന്‍ വീണ്ടും ടാറിങ് നടത്താമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധത്തിന് കെ വി ജുബൈര്‍, എ കെ റൈഷാദ്, രാജു മൈക്കിള്‍, പി എന്‍ സുനീഷ്, കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.








0 comments