ad
Deshabhimani

ജനദ്രോഹ നയങ്ങൾ പോസ്‌റ്റ്‌ ഓഫീസ്‌ വളഞ്ഞ്‌ 
കർഷകരും തൊഴിലാളികളും

ജനദ്രോഹ നയങ്ങൾ
വെബ് ഡെസ്ക്

Published on Aug 11, 2026, 02:15 AM | 1 min read

കൽപ്പറ്റ തൊഴിലാളികളെയും കർഷകരെയും വെല്ലുവിളിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം അലയടിച്ച്‌ കൽപ്പറ്റയിൽ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധം. ട്രേഡ് യൂണിയന്റെയും കർഷകത്തൊഴിലാളികളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിനു പേർ ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ ഉപരോധിച്ചു. തിങ്കൾ രാവിലെ ഏഴോടെ പോസ്‌റ്റ്‌ ഓഫീസ്‌ വളഞ്ഞ്‌ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും രാജ്യവ്യാപകമായി നടത്തിയ ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജില്ലയിലും പ്രതിഷേധം അണപൊട്ടിയത്‌. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ ഇന്ത്യ–യുഎസ് വ്യാപാര കരാർ പിൻവലിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച സംഭരണ വില നിശ്ചയിക്കുക, തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച നടപടി പുനഃപരിശോധിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന പിൻവലിക്കുക, രാസവള വില വർധന പിൻവലിക്കുക, സംസ്ഥാന ഭൂപരിഷ്‌കരണ ഭേദഗതി നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, മിനിമം വേതനം 26,000 രൂപയാക്കി നിശ്ചയിക്കുക തുടങ്ങി 21 മുദ്രാവാക്യങ്ങൾ ഉയർത്തി. സംസ്ഥാനത്ത്‌ യുഡിഎഫ് സർക്കാർ നടത്തുന്ന രാഷ്‌ട്രീയ പ്രതികാര നടപടികളിലും പ്രതിഷേധം ഉയർന്നു. ജീവനക്കാരുടെ അന്യായ സ്ഥലംമാറ്റം, കരാർ ജീവനക്കാരെ പിരിച്ചുവിടൽ, ഓഹരി കൈമാറ്റത്തിലൂടെ വിഴിഞ്ഞം തുറമുഖത്തിൽ സർക്കാരിനുള്ള അവകാശം എടുത്തുകളയൽ, പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കൽ തുടങ്ങിയ നടപടികൾ ചോദ്യംചെയ്‌തു. കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനംചെയ്‌തു. സി എസ് സ്റ്റാൻലിൻ അധ്യക്ഷനായി. എൻ കെ രാമചന്ദ്രൻ, എൻ ഒ ദേവസി, അമ്പി ചിറയിൽ, പി സുരേഷ്‌, പി വി സഹദേവൻ, സി എം ശിവരാമൻ, കെ പി ശശിധരൻ, സ്‌റ്റെല്ല പീറ്റർ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി സ്വാഗതവും കർഷകസംഘം ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ്‌ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, വിജയൻ ചെറുകര എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home