ചുരത്തിലെ ജീർണിച്ച മരങ്ങൾ മുറിച്ചു

താമരശേരി ചുരത്തിൽ യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി നിന്ന ജീർണിച്ച മരങ്ങളും ശിഖരങ്ങളും വനംവകുപ്പ് വെട്ടിമാറ്റി. റോഡിലേക്ക് വീഴാൻ സാധ്യതയേറെയുള്ള മരങ്ങളും നിരത്തിലേക്ക് തൂങ്ങിനിൽക്കുന്ന വലിയ ശിഖരങ്ങളുമാണ് വെട്ടിമാറ്റിയത്. ജീർണിച്ച മരങ്ങൾ മഴക്കാലത്ത് യാത്രക്കാരുടെ ജീവന് ഭീഷണിയായിരുന്നു. കഴിഞ്ഞദിവസം ആറാം വളവിനുസമീപം കാറിനുമുകളിലേക്ക് മരം കടപുഴകി വീണ് ഒരുമണിക്കൂറിലേറെ ഗതാഗതം സ്‌തംഭിച്ചിരുന്നു. റോഡിലേക്ക് ചാഞ്ഞുകിടന്ന വൻ മരം വീണ കാറിലുണ്ടായിരുന്ന ആറുപേരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 2022 ഏപ്രിൽ 16ന് കൂറ്റൻ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്റെ ജീവൻപൊലിഞ്ഞ അതേ പാറക്കെട്ടിന് സമീപത്തായിരുന്നു ഈ മരംവീഴ്ചയും. മരങ്ങൾ കടപുഴകിയും മുറിഞ്ഞും ശിഖരങ്ങൾ ഒടിഞ്ഞുവീണും മണിക്കൂറുകൾ നീളുന്ന ഗതാഗതസ്തംഭനം ചുരത്തിൽ പതിവാണ്. ഇതേ തുടർന്നാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്. വിദഗ്ധരായ തൊഴിലാളികൾക്കുപുറമെ പ്രത്യേക ക്രെയിനും എസ്കവേറ്ററുമെല്ലാം ഉപയോഗിച്ചാണ് മരം മുറിച്ചത്. ഈ സമയങ്ങളിൽ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ ഭാഗികമായി ഗതാഗതനിയന്ത്രണമുണ്ടായിരുന്നു.








0 comments