53 പേര്‍ക്ക് പരിക്ക്
പനമരത്ത് കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ചു

പനമരം കൈതക്കൽ–നാലാംമൈൽ–മാനന്തവാടി റോഡിൽ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 53 പേർക്ക് പരിക്കേറ്റു. തിങ്കള്‍ രാവിലെ 9.45ഓടെ കൈതക്കലിനും കാപ്പുംചാലിനുമിടയിലായിരുന്നു അപകടം. നിലമ്പൂരില്‍നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും ബത്തേരിയില്‍നിന്ന് പറശ്ശിനിക്കടവിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരുബസുകളും നേര്‍ക്കുനേരാണ് ഇടിച്ചത്. ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പൊലീസ് വാഹനങ്ങളിലും ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും എത്തിച്ചു. കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിലുള്ളവരായിരുന്നു പരിക്കേറ്റവർ. ഡ്രൈവര്‍മാരായ ഷഹീദ് (43), സജിന്‍ (38) എന്നിവരുൾപ്പെടെയുള്ളവർക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ഷഹീദിന്റെ വലതുകാലിന്റെ എല്ല് പൊട്ടി. ഭൂരിഭാഗം പേർക്കും തലയ്ക്കും മുഖത്തിനും കാലിനുമാണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റവര്‍ പനമരം സിഎച്ച്എസിലും ചികിത്സതേടി. അപകടത്തെ തുടര്‍ന്ന് കൈതക്കൽ–നാലാംമൈൽ–മാനന്തവാടി റോഡില്‍ രണ്ടര മണിക്കൂറോളം ഗതാഗത തടസ്സപ്പെട്ടു. വാഹനങ്ങൾ കൊയിലേരി റോഡുവഴി തിരിച്ചുവിട്ടു. ഇടിയുടെ ആഘാതത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍നിന്ന് ഓയില്‍ റോഡിലേക്ക് പരന്നൊഴുകി. മഴപെയ്‌തതോടെ ഓയിൽ വ്യാപിച്ചു. ഇതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യവുമുണ്ടായി. തുടർന്ന്, മാനന്തവാടിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകിവൃത്തിയാക്കി. കൈതക്കലിനും കാപ്പുംചാലിനുമിടയിൽ പഴയ വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ഇവിടെ നിരന്തരമായി അപകടങ്ങളുണ്ടാകുന്നുണ്ട്. മലയോര ഹൈവേയിൽ ഉൾപ്പെട്ട പാത നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. വേഗം കുറയ്‌ക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments