ഇന്ന് ലോക രക്തദാതാക്കളുടെ ദിനം
തുവെള്ളക്കൊടിയിലുണ്ട് 'രക്ത'നക്ഷത്രം

യുവജന സംഘടനാ പ്രതിനിധികളിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയതിനുള്ള ഉപഹാരം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിനിയിൽനിന്ന് ഏറ്റുവാങ്ങുന്നു

അജ്‌നാസ് അഹമ്മദ്
Published on Jun 14, 2025, 02:15 AM | 1 min read
കൽപ്പറ്റ
ഒരുഫോൺ കോളിനപ്പുറം ഇവരുണ്ട്. ഏത് അത്യാഹിതത്തിലും രക്തത്തിനായി വിളിക്കാം. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് രക്തദാനസേന ഒരുവർഷത്തിനുള്ളിൽ നൽകിയത് 2140 യൂണിറ്റ് രക്തം. ജില്ലയിലെ 608 യൂണിറ്റിലായി ആയിരക്കണക്കിന് ദാതാക്കളെ സജ്ജരാക്കിയാണ് സംഘടന മാതൃകയാകുന്നത്.
മാനന്തവാടി, ബത്തേരി ബ്ലഡ് ബാങ്കുകളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് സന്നദ്ധ സേവനം. മാനന്തവാടി, ബത്തേരി ബ്ലഡ് ബാങ്കിലായി ഏറ്റവുമധികം രക്തം ദാനംചെയ്‌ത യുവജന സംഘടനയ്‌ക്കുള്ള പുരസ്‌കാരം വർഷങ്ങളായി ഡിവൈഎഫ്‌ഐക്കാണ്.
മാനന്തവാടിയിൽ എല്ലാമാസവും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഒരുക്യാമ്പിൽ ശരാശരി മുപ്പത് യൂണിറ്റുവീതം നൽകുന്നു. ദിവസവും ശരാശരി മൂന്നുപേരെങ്കിലും രക്തദാനം നടത്തും. ബത്തേരിയിലും മേപ്പാടിയിലും ആവശ്യാനുസരണം രക്തം കൈമാറുന്നു. ഇവിടെയും മാസം 40 യൂണിറ്റ് രക്തം എത്തിക്കും.
ആവശ്യക്കാർക്കായി മൂന്നിടത്തും ഹെൽപ്പ് ഡെസ്‌ക് നമ്പർ നൽകിയിട്ടുണ്ട്. ഇതിനുപുറമെ മൊബൈൽ ആപ്പ് ഉടൻ തയ്യാറാക്കും. ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ഭാഗമായി ശനിയാഴ്‌ച മാനന്തവാടിയിൽ രക്തദാന ക്യാമ്പ് നടത്തും.
30 തവണ രക്തംനൽകി ജില്ലാ പ്രസിഡന്റ്
മാനന്തവാടി
സംഘടനയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ രക്തംനൽകിയത് ജില്ലാ പ്രസിഡന്റ് കെ ആർ ജിതിനാണ്. 2008മുതൽ ഇതുവരെ 30 തവണ രക്തം നൽകി. യുവജന സംഘടനകളിൽ ഏറ്റവും കൂടുതൽ രക്തംനൽകിയ പ്രവർത്തകനുള്ള ഉപഹാരം ലോക രക്തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിസിപ്പൽ ഡോ. മിനി കൈമാറി. പത്തൊമ്പതാം വയസിൽ രക്തംനൽകി തുടങ്ങിയ സന്നദ്ധപ്രവർത്തനം 17 വർഷത്തിലെത്തി നിൽക്കുന്നു. മൂന്നുമാസത്തിൽ ഒരിക്കൽ മുടങ്ങാതെ രക്തംനൽകും. ജില്ലയിലെ ഡിവൈഎഫ്‌ഐ രക്തദാനസേനയുടെ ചുമതലയും ജിതിനാണ്.









0 comments