‘വി ആർ ഇൻ ദി മാർച്ച്’ മുഴങ്ങി വീണ്ടും... രാജ്യമേറ്റെടുത്ത മുദ്രാവാക്യം

പടന്നക്കാട് ‘വി ആർ ഇൻ ദി മാർച്ച്’; ചരിത്രത്തിലേക്ക് അലയടിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യമാണിന്ന്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി–യുവജന സമരത്തിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തൽ. ചരിത്ര സമരത്തെ മുന്നിൽനിന്ന് നയിച്ച് ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് എട്ടുമണിക്കൂറിലധികം ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായ വേളയിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സമരപോരാട്ടത്തിന് അന്ന് തീപടർത്തുകയായിരുന്നു. രാജ്യമേറ്റെടുത്ത മുദ്രാവാക്യം കാസർകോടിന്റെ മണ്ണിൽ വീണ്ടും മുഴങ്ങി. പടന്നക്കാട് ആസ്റ്റോ കൺവെൻഷൻ സെന്ററിലെ യൂത്ത് -സ്റ്റുഡന്റ് മീറ്റിലാണ് ആവേശം അലയടിച്ചത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാകമ്മിറ്റികൾ ചേർന്നു നടത്തിയ പരിപാടി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാവുമ്പോൾ വിദ്യാർഥികളും യുവജനങ്ങളും മുൻപന്തിയിലുണ്ടായത് ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവയ്‌ക്കുക എന്ന മുദ്രാവാക്യം രാജ്യത്ത് ഉയർന്നതിന്റെ പശ്ചാത്തലം, നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർഥികളും യുവാക്കളും നടത്തിയ ഇടപെടൽ. എസ്എഫ്ഐയുടെ സുപ്രധാന പങ്ക് എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. മുന്നോട്ടുവച്ചാൽ കാല് പിന്നോട്ടെടുക്കില്ല എന്ന കേന്ദ്രസർക്കാരിന്റെ അഹന്തയാണ് വിദ്യാർഥികൾ അവസാനിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി രാജിവച്ചു. ഗ്യാനേഷിന്റെ കാര്യത്തിലും ഫലപ്രദമായ ഇടപെടലുണ്ടായി. ആക്രമണങ്ങൾ നേരിട്ടു. അപമാനങ്ങളും. തകർന്നു പോകുന്നതല്ല യുവതയുടെ സമരവീര്യം എന്ന് മോദി സർക്കാരിനെ നാം ഓർമിപ്പിച്ചു. ജന്തർമന്തർ പ്രവേശനം വിലക്കിയപ്പോൾ രാജമാകെ ജന്തർമന്തറാകുന്ന സ്ഥിതിയുണ്ടായതായും പിണറായി പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അദിനാൻ അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ്, പിന്നണി ഗായിക പുഷ്പ്പവതി, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻരാജ് പായം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രവിഷ പ്രമോദ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ഗിനീഷ്, ട്രഷറർ കെ ആർ അനിഷേധ്യ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം അനുരാജ്, സംസ്ഥാന കമ്മിറ്റി അംഗം സജേഷ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ് സ്വാഗതംപറഞ്ഞു.








0 comments