ക്രിമിനലുകൾക്ക് കൂട്ട് യുഡിഎഫ് എംഎൽഎമാർ കൊലക്കേസ് പ്രതിക്കൊപ്പം

കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പ്രതിക്കൊപ്പം ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത്, സൗഹൃദം പങ്കിട്ട് യുഡിഎഫ് നേതാക്കളും എംഎൽഎമാരും. കാസർകോട് മഞ്ചേശ്വരത്തെ അബൂബക്കർ സിദ്ധീഖ് കൊലപാതക കേസിലെ പ്രതി പൈവളിഗെ അമ്പിക്കാന അഹമ്മദ് റയീസിനൊപ്പമാണ് യുഡിഎഫ് നേതാക്കളും എംഎൽഎമാരും പങ്കെടുത്തത്. യുഡിഎഫ് എംഎൽഎമാരായ സന്ദീപ്‌വാര്യർ, എ കെ എം അഷറഫ്, കല്ലട്ര മാഹിൻ, മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് എൻ എ നെല്ലിക്കുന്ന് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയാണ് അഹമ്മദ് റയീസ്. മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ 2022 ജൂൺ 26ന് കൊലപ്പെടുത്തിയ കേസിൽ പതിമൂന്നാം പ്രതിയാണ്. സഹോദരനെ ബന്ദിയാക്കി ഗൾഫിൽനിന്ന് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി പൈവളികെ നൂച്ചിയിലെ ഇരുനില വീട്ടിലും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് തലകീഴായി കെട്ടിത്തൂക്കിയുൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗൾഫിലേക്ക് വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉപ്പള സ്വദേശിക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊലപാതകം. ആദ്യം 17 പേരെ പ്രതി ചേർത്ത് മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് അബ്ദുൽ റയീസിനെ പ്രതിചേർത്തത്. അറസ്റ്റുചെയ്യുന്നതിന് മുമ്പായി പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. രാജ്യാന്തര കുറ്റവാളി പൈവളിഗെയിലെ സിയയുടെ സംഘത്തിലുൾപ്പെട്ടയാളാണ് അഹമ്മദ് റയീസ്. 2014ലെ ബാളിക അസീസ് കൊലക്കേസിൽ പ്രതിയായിരുന്നെങ്കിലും കുറ്റവിമുക്തനാക്കി. വിദേശത്തേക്ക് കടന്ന പ്രതിയെക്കുറിച്ച് അന്വേഷക സംഘത്തിന് വിവരമുണ്ടായിരുന്നില്ല.








0 comments