18-ാം മൈൽ–ചിറക്കോട് റോഡ് വികസനം വഴിമുട്ടി
25ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്

വീതിയില്ലാത്ത 18-ാം മൈൽ ചിറക്കോട് റോഡ്

സ്വന്തം ലേഖകൻ
Published on Nov 23, 2026, 01:30 AM | 1 min read
രാജപുരം
18-ാം മൈൽ ചിറക്കോട് റോഡിൽ ആവശ്യത്തിന് വീതിയില്ലാത്തത് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ ഭാഗം സ്വകാര്യവ്യക്തി കൈയേറിയതായുള്ള ആരോപണവുമുണ്ട്. ഇതോടെ റോഡിലൂടെ വാഹനങ്ങൾ പരസ്പരം കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. പ്രദേശത്തെ ജനങ്ങൾക്കും വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് റോഡിന്റെ ശോച്യാവസ്ഥ. വീതി കുറവായതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകട ഭീഷണിയിലാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 25ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രണ്ട് മാസം മുമ്പ് സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിയുമായി ചർച്ച നടത്തിയിരുന്നു. ആറു മീറ്റർ സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് സ്വകാര്യ വ്യക്തി യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാക്കിയില്ലെന്നാണ് റോഡ് വികസന സമിതിയുടെ ആരോപണം. പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് സമരം.
പലതവണ നിവേദനം നൽകി
പലതവണ കള്ളാർ പഞ്ചായത്തിൽ നിവേദനം നൽകിയെങ്കിലും പരിഹാരമില്ല. നിരവധി പേരാണ് റോഡിനെ ആശ്രയിക്കുന്നത്. ചെറിയ വാഹനങ്ങൾക്കുപോലും കടന്നു പോകാൻ കഴിയുന്നില്ല. സ്വകാര്യ വ്യക്തിയുടെ കൈയേറ്റമാണ് കാരണം. അടിയന്തരമായി പഞ്ചായത്ത് വിഷയത്തിൽ ഇടപെടണം. മത്തായി പൂക്കുമ്പോൽ (പരിസരത്തെ നഴ്സറി ഉടമ)
അടിയന്തിരമായി പരിഹരിക്കണം
കെട്ടിടനിർമാണത്തിനുള്ള സാധനങ്ങൾവരെ ഇതുവഴി കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണ്. ഇത് ഭീമമായ ചെലവിന് കാരണമാകുന്നു. സ്വകാര്യ വ്യക്തി യാതൊരു കരുണയും കാണിക്കാത്ത സ്ഥിതിയാണ്. ആവശ്യമായ വീതി ലഭിക്കുന്നതുവരെ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കും.
എസ് ശശികുമാർ ( നാട്ടുകാരൻ)








0 comments