Deshabhimani

നന്ദിയുണ്ട് സർ ആദിനം ഒരിക്കലും മറക്കില്ല

സിയ ഫാത്തിമ വരച്ച ചിത്രം വി ശിവൻകുട്ടിക്ക് കൈമാറുന്നു
വെബ് ഡെസ്ക്

Published on Nov 24, 2026, 03:00 AM | 1 min read

പടന്ന എല്ലു നുറുങ്ങുന്ന വേദനക്കിടയിലും വീട്ടിലിരുന്ന് കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയെ നേരിൽകണ്ട് മുൻ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു മത്സരാർഥി വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്. ശിവൻകുട്ടി സാറിന്റെ ഇടപെടലാണ് ഒരിക്കലും നടക്കില്ലന്ന് കണ്ട വലിയ ആഗ്രഹം പൂർത്തിയായതെന്ന് സിയ ഫാത്തിമ പറഞ്ഞു. പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരത്തിൽ പഠിക്കുമ്പോൾ കഴിഞ്ഞ കലോത്സവത്തിലാണ്‌ സിയ ഫാത്തിമക്ക് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ മത്സരത്തിൽ പുസ്തക പ്രചാരണം എന്ന വിഷയത്തിലായിരുന്നു സിയ മത്സരിച്ചത്. കെയ്റ്റിന്റെ നേതൃത്വത്തിൽ മത്സരത്തിനായി വീട്ടിൽ പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. സംസ്ഥാന കലോത്സവത്തിൽ ആദ്യ വീഡിയോ കോൺഫ്രൻസ് മത്സരാർഥിയായി മാറിയ കൊച്ചു മിടുക്കി ഏവരേയും വിസ്മയിപ്പിച്ച്‌ മത്സരം പൂർത്തിയാക്കി. ഞരമ്പുകൾ ചുരുങ്ങുന്ന വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗത്തെ തുടർന്ന് വീട്ടിൽ ക്വാറന്റയിനിൽ കഴിയുന്ന സിയ അധ്യാപകർ മുഖേനെ സങ്കടം മന്ത്രിക്ക് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയത്. യാത്രചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സാധിക്കാത്തതിനാൽ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മന്ത്രി തന്നെ ഇടപെടുകയായിരുന്നു. പടന്ന തെക്കെപ്പുറത്തെ പി മുനീറിന്റെയും എൽ കെ സാറുവിന്റെയും രണ്ട് മക്കളിൽ ഇളയവളാണ് സിയ. സിയയുടെ അധ്യാപകരേയും കുടുംബാഗങ്ങളേയും വി ശിവൻകുട്ടി നന്ദി അറിയിച്ചു. സ്നേഹ സമ്മേനമായി സിയ വരച്ച വി ശിവൻകുട്ടിയുടെ ചിത്രം കൈമാറി. പ്രിൻസിപ്പൽ എം സി ശിഹാബ്, പ്രധാനധ്യാപിക വി കെ ശശികല, അബ്ദുൾനാസർ, കെഎസ്ടിഎ ജില്ലാ എക്സിക്യുട്ടീവംഗം എൻ കെ ജയദീപ്, ഇ യദുനാഥ്, ടി വി രോഷ്ന, വിനേഷ് മുഴക്കോം, പി സജീവ്, പി സുധീഷ്, അനീഷ് വെങ്ങാട്ട്, പി കെ പവിത്രൻ, കെ കെ ജമീല തുടങ്ങിയവരും കൂടെയുണ്ടായുരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home