Deshabhimani

കാലത്തിന്റെ സാക്ഷിയായി അവരൊത്തുകൂടി വാക്കും വെളിച്ചവുമായി

ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയകാല നേതൃസംഗമം – കാലം സാക്ഷി വാക്കും വെളിച്ചവും പരിപാടി കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 24, 2026, 03:01 AM | 2 min read

നീലേശ്വരം പുതുതലമുറയോടൊപ്പം പോയകാലത്തിന്റെ ചൂടും ചൂരും പങ്കുവയ്‌ക്കാൻ അവർ ഒത്തുചേർന്നു. ഒന്നായിനിന്ന്‌ പടുത്തുയർത്തിയ കൂട്ടായ്മയുടെ കഥ പറയാൻ. വിവിധ കാലഘട്ടത്തിൽ ബാലസംഘം കെട്ടിപ്പടുക്കുന്നതിൽ നിസ്വാർഥമായി പ്രവർത്തിച്ച പഴയകാല നേതാക്കന്മാർ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പഴയകാല തലമുറയാണ്‌ പാലായിയുടെ ചരിത്രഭൂമികയിൽ ഒത്തുകൂടിയത്‌. ബാലസംഘം എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ്‌ പഴയകാല നേതൃസംഗമം – കാലം സാക്ഷി – വാക്കും വെളിച്ചവും പരിപാടി സംഘടിപ്പിച്ചത്‌. ഓരോരുത്തരും പഴയകാല അനുഭവങ്ങൾ പങ്കിട്ടു. പുതിയ കാലത്തിന്റെ മറ്റത്തിനനുസരിച്ച് ബാലസംഘം പ്രവർത്തനങ്ങളിലും സംഘടനാ സമീപനങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. 1987 ൽ കൂനൂരിൽ നടന്ന സമ്മേളനത്തിലാണ് ബാലസംഘം കലയിലൂടെ കുട്ടികളിലേക്കിറങ്ങിചെല്ലാൻ തീരുമാനിച്ചതെന്ന്‌ ദേശാഭിമാനി ബാലസംഘം കൊല്ലം ജില്ലയുടെ ആദ്യ സെക്രട്ടറിയും പിന്നീട് സംസ്ഥാന കമ്മിയംഗവുമായിരുന്ന അഡ്വ. കെ അനിൽകുമാർ പറഞ്ഞു. ഇ‍ൗ സമ്മേളനം പുതിയ കാലത്തെ കുട്ടികൾക്കനുസരിച്ചുള്ള പദ്ധതി തയ്യാറാക്കണമെന്ന് ബാലസംഘവും പഞ്ചവത്സര പദ്ധതിയും എന്ന വിഷയമവതരിപ്പിച്ച് അനിൽകുമാർ പറഞ്ഞു. പഴയ കാല പ്രവർത്തനം അനുഭവ കരുത്ത് എന്ന വിഷയമവതരിപ്പിച്ച് ബാലസംഘത്തിന്റെ - പഠിച്ചു നന്നാവണം എന്ന മുദ്രാവാക്യമാണ് തന്റെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക് കാരണമായതെന്ന് ദേശാഭിമാനി ബാലസംഘം കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്ന സി എച്ച് കുഞ്ഞമ്പു പറഞ്ഞു. കവി മുരുകൻ കാട്ടാക്കട സംഗമം ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ബാലസംഘം അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം രാജഗോപാലൻ അധ്യക്ഷനായി. ബാലസംഘത്തിന്റെ കാസർകോട്‌ ജില്ലയിലെ ആദ്യ വനിത സെക്രട്ടറി ഋഷിത സി പവിത്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കരുണാകരൻ, കെ പി സതീഷ്ചന്ദ്രൻ, കരിവെള്ളൂർ മുരളി, ശശിധരൻ തലശേരി, സുരേഷ്ബാബു തലശേരി, പ്രഭാകരൻ പഴശ്ശി, കെ വി കുഞ്ഞിരാമൻ, പത്മൻ കോഴൂർ, അജയകുമാർ കോഴിക്കോട്, റസൂൽ സലാം മലപ്പുറം, കെ ജഗദാനന്ദൻ, വി രവീന്ദ്രൻ, കെ വി ശ്രീധരൻ കണ്ണപുരം, പി കെ ശിവപ്രകാശ് വടകര, കെ ബാലകൃഷ്ണൻ കണ്ണൂർ, സി അമ്പുരാജ്, കെ വേണുഗോപാലൻ, പി കമലാക്ഷൻ, അഡ്വ. പി എം ആതിര എന്നിവർ അനുഭവം പങ്കുവച്ചു. ബാലസംഘം മുൻ ജില്ലാ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി ആദർശ് ബേപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് ഉദയൻ കുണ്ടംകുഴി, സുഭാഷ് അറുകര തുടങ്ങിയവരുടെ നേതൃത്വത്തിൽ നാടൻ കലാമേളയും അരങ്ങേറി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home