Deshabhimani

കലോത്സവവേദികളിൽ ‘ഹാപ്പി’യായി ഉമ്പിച്ചിയമ്മ ‘ഞാൻ മറക്കാതെ ബച്ച പാട്ടെല്ലാം നിങ്ങ പാട്ന്ന്’

ഉമ്പിച്ചിയമ്മ മംഗലംകളിക്കാരായ കൊച്ചുമകളുടെയും കൂട്ടുകാരുടെയും ഒപ്പം
വെബ് ഡെസ്ക്

Published on Nov 24, 2026, 03:00 AM | 1 min read

വെള്ളരിക്കുണ്ട് ‘അച്ചമ്മേ നമ്മക്ക്‌ സമ്മാനം കിട്ടി...’ കൊച്ചുമകളും കൂട്ടുകാരും വേദികൾ പിന്നിട്ട്‌ സമ്മാനങ്ങൾവാങ്ങി താരങ്ങളാവുമ്പോൾ ഹാപ്പിയാണ്‌ ഉമ്പിച്ചിയമ്മ. എല്ലാ മക്കളേയും ചേർത്തുപിടിച്ച്‌ ഉമ്പിച്ചിയമ്മ പറഞ്ഞു ‘ചമ്മാനം കിട്ടിയനീ ചന്തോശം, പഷേ അയിനക്കാളും ബല്യ ചമ്മാനം നിങ്ങ എനക്ക് തന്നു, ഞാൻ മറക്കാതെബെച്ച പാട്ടെല്ലാം നിങ്ങ പാട്ന്ന്, ഞാൻ കളിച്ച മംങ്ങലംകളി നിങ്ങ കളിക്ക്ന്ന്’– വിസ്മൃതിയിലേക്ക് മറഞ്ഞുപോകുമായിരുന്ന ഒരു കല പുതുതലമുറ അത്യധികം ആവേശത്തിൽ കൊണ്ടാടുന്നതിന്റെ വലിയ സന്തോഷംകൂടിയായിരുന്നു ആ വാക്കുകളിൽ. കലോത്സവവേദിയിൽ കുട്ടികൾ മംഗലംകളി അവതരിപ്പിക്കുമ്പോൾ ഉമ്പിച്ചിയമ്മ ഉൾപ്പെടെയുള്ളവരുടെ മനസ്സിൽ പഴയ കാലത്തിന്റെ മധുരിക്കുന്ന ഓർമകൾ അലയടിക്കുകയാണ്‌. ഒരു ജനതയുടെ സ്വത്വവും ചരിത്രവും പുതിയ തലമുറയിലേക്ക് കൈമാറുന്ന സാംസ്‌കാരിക യാത്ര കാണുകയാണവർ. മിക്ക കലോത്സവങ്ങളിലും ഗോത്രകല അവതരണ വേദിക്ക് സമീപം ഉമ്പിച്ചിയമ്മയുമുണ്ടാകും. ഉമ്പിച്ചിയമ്മയുടെ കുടുംബവും മംഗലംകളിയെ നെഞ്ചേറ്റിയവരാണ്‌. അനുജൻ ചന്ദ്രൻ, മരുമകൻ സുനിൽ, മകൻ മോഹൻ ബാനം എന്നിവർ ഉമ്പിച്ചിയമ്മയുടെ ശിക്ഷണത്തിൽ മംഗലംകളി പഠിച്ച്‌ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്വരെ നേടി. തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവത്തിൽ മംഗലംകളിയുടെ ആദ്യ അവതരണത്തിൽത്തന്നെ ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. ആ ടീമിലെ ഒരംഗമായിരുന്നു ചെറുമകൾ അനഘ. മംഗലം കളിയിൽ ആദ്യമായി ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ മാലോത്ത് പൊടിയംകുണ്ടിലെ കാരിച്ചിയമ്മ, രണ്ടാമത്തെ അവാർഡ് ജേതാവ് കാലിച്ചാനടുക്കത്തെ എം എസ് മാധവൻ, അന്തരിച്ച വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കാരിച്ചിയമ്മ, ബേഡകത്തെ മദറുഅമ്മ, മാലോം പടയം കല്ലിലെ ഉമ്പിച്ചി, കാര്യോട്ടുചാലിലെ ഉണ്ടച്ചി, വെള്ളച്ചി മുണ്ടമാണി എന്നിവരും മംഗലംകളിയെ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home