Deshabhimani

സൗത്ത് ഇന്ത്യയിലും 
ലീനയ്‌ക്ക്‌ വെല്ലുവിളിയില്ല

സ്വർണ മെഡലുമായി ലീന മോഹനൻ, ഇരുവശത്തും വെള്ളിയും വെങ്കലവും നേടിയവർ
വെബ് ഡെസ്ക്

Published on Oct 26, 2026, 03:00 AM | 1 min read

ഭീമനടി സൗത്ത് ഇന്ത്യയിൽ ലീനയെ വെല്ലാൻ ആളില്ല. മനക്കരുത്തിന്റെ ബലത്തിൽ ആത്മവിശ്വാസം കൈമൂതലാക്കി കളത്തിൽ ഇറങ്ങിയാൽ ഏത് വിജയവും അനായാസമെന്ന് തെളിയിച്ചിരിക്കുകയാണ് വെസ്റ്റ് എളേരി കുറുഞ്ചേരിയിലെ ലീന മോഹനൻ. കൊച്ചിയിൽ നടന്ന സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ഈ വീട്ടമ്മ നാടിന് അഭിമാനമായത്. നേരത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. സൗത്ത് ഇന്ത്യയിലും നേട്ടം കൈവരിച്ചതോടെ ഇവർ മലയോരത്തിന്റെ ഉരുക്ക് വനിതയായി മാറി. കൈകളിലെ മരവിപ്പ് കാരണം ദൈനംദിന ജോലികൾചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ഈ വീട്ടമ്മയാണ് ഇന്ന് സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവായത് എന്നതും ഏറെ ശ്രദ്ധേയമാണ്‌. വർഷങ്ങൾക്കുമുമ്പ് കൈകൾക്ക് അനുഭവപ്പെട്ട മരവിപ്പിന് ചികിത്സ ഫലപ്രദമാകാതെ വന്നപ്പോഴാണ് ജിം എന്ന പരീക്ഷണത്തിന് തുനിഞ്ഞത്. അങ്ങനെയാണ് ചികിത്സയ്ക്കൊപ്പം ശാരീരികക്ഷമതയും വീണ്ടെടുക്കാം എന്ന ലക്ഷ്യത്തോടെ വെള്ളരിക്കുണ്ടിൽ ജിമ്മിൽ പരിശീലനം തുടങ്ങിയത്‌. ജിം ട്രെയിനർ പി പി ഷിജുവിന്റെ കഠിന പരിശീലനത്തിലൂടെ കൈകളുടെ സ്വാധീനശേഷി ക്രമേണ തിരിച്ചുപിടിച്ചു. അതോടെയാണ് ജീവിതം തന്നെ പുതിയ വഴിത്തിരിവിലേക്ക് കടന്നത്. ജിമ്മിൽ പരിശീലനം നടത്തുന്ന ഒരു യുവതിയുടെ പവർലിഫ്റ്റിങ് പരിശീലനം കണ്ടപ്പോഴാണ് ലീനയ്ക്കും ആ കായിക ഇനത്തോട് താൽപര്യം തോന്നിയത്. തുടർന്ന് പവർലിഫ്റ്റിങ് പരിശീലനം ആരംഭിച്ച ലീന ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. മുപ്പത്തിയേഴുകാരിയായ ഈ വീട്ടമ്മ 290 കിലോഗ്രാമിലധികം ഭാരം ഉയർത്തിയാണ്‌ നേട്ടംകൊയ്‌തത്‌. മലയോരത്ത് വനിതകളുടെ ഇടയിൽനിന്ന് പവർലിഫ്റ്റിങ് രംഗത്ത് ഇത്തരം വിജയനേട്ടം അപൂർവമാണ്. നേട്ടം ജില്ലയ്‌ക്കും അഭിമാനമാണ്. ലീനയുടെ പരിശ്രമത്തിന് ഭർത്താവ് യു മോഹനനും മക്കളായ ശിവപ്രസാദും, ശ്രേയസും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മടിക്കൈയിലെ ബാലചന്ദ്രൻ നായരുടെയും പ്രസന്നകുമാരിയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home