ആവശ്യമായ ഉപകരണങ്ങൾ ഇല്ല വൈദ്യുതി സെക്ഷൻ ഓഫീസ് പ്രവർത്തനം അവതാളത്തിൽ

രാജപുരം കെഎസ്ഇബി ഓഫീസുകളിൽ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാതെ വൈദ്യുതി സെക്ഷൻ പ്രവർത്തനം താളംതെറ്റി. ജില്ലയിലെ വിവിധ കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലാണ് സാധനസാമഗ്രികൾ ഇല്ലാത്തത്. പുതിയ കണക്ഷൻ കൊടുക്കുന്നതിലും പുതുതായി ലൈൻ വലിക്കുന്നതിലും വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നതിലും ഉൾപ്പെടെ പ്രതിസന്ധിയുണ്ട്. എബിസി കേബിൾ, വൈദ്യുതൂൺ, സ്റ്റേ വയർ, സ്റ്റേ റെയ്ഡ് തുടങ്ങിയ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് ജീവനക്കാർ നട്ടംതിരിഞ്ഞത്. മാസങ്ങളായിട്ടും വകുപ്പ് പരിഹാരം കാണാൻ അനങ്ങിയിട്ടില്ല. ആവശ്യമായ സാധനങ്ങൾ കെഎസ്ഇബി ഓഫീസുകളിൽ എത്തുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. നിലവിൽ തകരാർ പരിഹരിക്കുന്നതിനുപോലും സാധിക്കാത്ത നിലയുണ്ട്. ജില്ലയിലെ പല സെക്ഷൻ ഓഫീസുകളുടെയും അവസ്ഥ സമാനമാണ്. മുൻ കാലങ്ങളിൽ സാധനാങ്ങൾ ആവശ്യത്തിലധികം സ്റ്റോക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഗോഡൗണുകൾ കാലിയായി. അത്യാവശ്യ കണക്ഷൻ കൊടുക്കുന്നതിനുപോലും എബിസി കേബിൾ ഇല്ലാത്തതിനാൽ പുതിയ കണക്ഷൻ കൊടുക്കുന്നതുൾപ്പെടെ നിർത്തിവെക്കേണ്ട സ്ഥിതിയാണ്. ഇടക്കിടക്കിടെയുണ്ടാവുന്ന വൈദ്യുതി കട്ട് ഗുണഭോക്താക്കളെ ഏറെ പ്രതിസന്ധിയിലാക്കുന്നതിനു പുറമെയാണ് പുതിയ പ്രശ്‌നം. പുതിയ കണക്ഷനുവേണ്ടി അപേക്ഷ നൽകി നിരവധിപേരാണ് കാത്തിരിക്കുന്നത്. നിരവധിപേർ ഇതിനകം പരാതിയുമായും അതതു ഓഫസുകൾ കയറിയിറങ്ങുകയാണ്. തൊഴിലാളികൾക്കും ആവശ്യത്തിന് പണിയില്ലാത്ത സ്ഥിതിയുണ്ട്. കാലപ്പഴക്കംമൂലം ലൈൻ മാറ്റിസ്ഥാപിക്കുന്ന പണികളും മുടങ്ങി. കാലവർഷക്കെടുതിയിൽ തകരാറിലായവ നന്നാക്കുന്നതിലും പ്രതിസന്ധിനേരിടുകയാണ്. മുൻ കാലങ്ങളിലേതുപോലെ സമയത്തിന് സ്റ്റോക്കെടുപ്പില്ലാത്താണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും തൊഴിലാളികൾ പറഞ്ഞു.








0 comments