സർക്കാർ മൃഗാശുപത്രിയിലും ഡോക്ടർമാരില്ല

കുണ്ടംകുഴി സർക്കാർ മൃഗാശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി ഡോക്ടറില്ലാത്തത് ക്ഷീരകർഷകരെ ദുരിതത്തിലാക്കി. ആവശ്യസമയത്ത് ചികിത്സ ലഭിക്കാതെ ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ രണ്ട് കർഷകരുടെ പശുക്കൾ ചത്തു. കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാക്കി. സമയബന്ധിതമായി മൃഗഡോക്ടറുടെ സേവനം ലഭിക്കാത്തത് കർഷകരെ ഏറെ വലച്ചു. രോഗം മൂർച്ഛിക്കുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. ഒരു മാസത്തിനുമുമ്പ് താൽക്കാലിക ഡോക്ടറെ ഉപയോഗപ്പെടുത്തിയാണ് മൃഗാശുപത്രി പ്രവർത്തിച്ചത്. എന്നാൽ കഴിഞ്ഞമാസം ആ ഡോക്ടറെയും സ്ഥലംമാറ്റി. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ മൃഗഡോക്ടർമാരെ തേടിപ്പോകേണ്ടിവരുന്നത് വൻ ബാധ്യതയായി. സ്വകാര്യ ചികിത്സയ്ക്കും മരുന്നിനും ഉയർന്ന തുക ചെലവഴിക്കേണ്ടിവരുന്നത് ചെറുകിട കർഷകരെ സംബന്ധിച്ച് താങ്ങാനാവാത്ത ബാധ്യതയാണ്. കാലിത്തീറ്റയ്ക്കും മറ്റ് പരിപാലന ചെലവുകൾക്കുമൊപ്പം ചികിത്സാച്ചെലവുകൂടി വന്നതോടെ മേഖലയിൽനിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണ് പല കർഷകരും. ഒരു പശുവിനെ വളർത്തിയെടുക്കാൻ വർഷങ്ങളുടെ അധ്വാനമുണ്ട്. പശു ചത്താൽ വരുമാനവും നഷ്ടമാകും. പുതിയ പശുവിനെ വാങ്ങാനുള്ള വലിയ തുക കണ്ടെത്താനും സാധാരണ കർഷകർക്ക് സാധിക്കാതെവരികയാണ്. കന്നുകാലി ഇൻഷുറൻസ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാകാൻ കാലതാമസമുണ്ടാവുന്നതും നഷ്ടം നികത്തുന്നതിന് തടസമാകുന്നു. മൃഗാശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിച്ച് സ്ഥിരമായ ചികിത്സാസേവനം ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ക്ഷീരകർഷകരുടെ ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്നും, മൃഗാശുപത്രിയിൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും കുണ്ടംകുഴി ക്ഷീര സംഘം ആവശ്യപ്പെട്ടു.









0 comments