നിർമാണമേഖലയും നിശ്ചലമാവുന്നു

കോൺക്രീറ്റിങ് നടക്കുമ്പോൾ വൈദ്യുതി നിലച്ചതിനാൽ വൈബ്രേറ്ററുമായി നിൽക്കുന്ന തൊഴിലാളി
നീലേശ്വരം വൈദ്യുതി മുടക്കം നിർമാണമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ചെറുകിട കരാറുകാർ. കോൺക്രീറ്റ് മിക്സിങ്, കട്ടിങ്, കമ്പി, പലക എന്നിവ മുറിക്കൽ, പ്ലാസ്റ്ററിങ്, വെട്ടുകല്ല് മുറിക്കൽ, മിനുക്കൽ ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രവൃത്തികളും ഇപ്പോൾ യന്ത്രങ്ങളെ ആശ്രയിച്ചാണ്. വൈദ്യുതി മുടക്കം ഇവയുടെ പ്രവർത്തനം തടസ്സപ്പെടുത്തും. വൈദ്യുതിയില്ലാതെ പ്രവൃത്തികൾ ഇടയ്ക്കുവച്ച് മുടങ്ങുന്നതുകാരണം ദിവസവേതനക്കാരായ നിർമാണത്തൊഴിലാളികൾക്ക് മണിക്കൂറുകളോളം പണിയില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. കൃത്യസമയത്ത് വേതനം ലഭിക്കാത്തതും തൊഴിൽദിനങ്ങൾ കുറയുന്നതും സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബ ബജറ്റിനെയും ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ വൻതുക ചെലവാക്കി ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരുന്നത് കെട്ടിട ഉടമകൾക്കും കരാറുകാർക്കും അധിക സാമ്പത്തിക ബാധ്യതയും വരുത്തിവയ്‌ക്കും. പ്രതിസന്ധി തുടർന്നാൽ വൻകിട, -ചെറുകിട നിർമാണ പദ്ധതികൾ പലതും നിലക്കാൻ സാധ്യതയുണ്ട്. നിർമാണമേഖലയ്ക്ക് തടസ്സമില്ലാത്ത രീതിയിൽ വൈദ്യുതി വിതരണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെയും കരാറുകാരുടെയും ആവശ്യം.









0 comments