എൽഡിഎഫ് സർക്കാർ നേട്ടം ചട്ടഞ്ചാലിൽ ആശുപത്രി സമുച്ചയം നിർമാണം ദ്രുതഗതിയിൽ

ചട്ടഞ്ചാൽ ജില്ലയിലെ ആധുനിക സംവിധാനങ്ങളോടെയുള്ള അത്യാഹിത വിഭാഗം ആശുപത്രി സമുച്ചയം പ്രവൃത്തി ചട്ടഞ്ചാലിൽ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ മൂന്നു നിലകളുടെ പ്ലാറ്റ്ഫോം കോൺക്രീറ്റ് പൂർത്തിയായി താഴെ ഭാഗത്തുനിന്നും ചുമരുകൾ കെട്ടിത്തുടങ്ങി. മംഗളൂരു, കണ്ണൂർ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ആശുപത്രി യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും. ആതുര ചികിത്സരംഗത്ത് വിപ്ലവകരമായ മാതൃക സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന്റെ നേട്ടപ്പട്ടികയിലാണ് ഈ ആശുപത്രിയും. രോഗികളെ പ്രത്യേകമായി പരിചരിക്കുന്ന ഹൈഡിപ്പന്റൻസി യൂണിറ്റ് സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ ക്രിട്ടിക്കൽ കെയർ യൂണിറ്റാണിതെന്ന് കഴിഞ്ഞ നവംബറിൽ നിർമാണ പ്രവൃത്തി ഉദ്ഘാടനവേളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയതുമാണ്. ടാറ്റാ ട്രസ്റ്റിന്റെ സഹായത്തോടുകൂടി നിർമിച്ച കോവിഡ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആക്കി മാറ്റാനുള്ള പ്രവർത്തനത്തിന് പിന്നിൽ മുൻ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ വലിയ പരിശ്രമമുണ്ട്. മൂന്നു നിലകളിലായി 45,000 ചതുരശ്ര അടിയുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണച്ചുമതല എച്ച് എൽഎല്ലിനാണ്. ഐസോലേഷൻ വാർഡ്, ഐസിയു, ഓപ്പറേഷൻ തിയേറ്ററുകൾ, ലേബർ റൂം, ഡയാലിസിസ് യൂണിറ്റ്, ന്യൂബോൺ യുണിറ്റ്, വെന്റിലേറ്റർ, ഡയാലിസിസ് യുണിറ്റ്, സ്കാനിങ്, ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജമാക്കും. ജില്ലയിൽ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി സ്ഥാപിച്ച ടാറ്റാ ചട്ടഞ്ചാൽ ഗവ. ആശുപത്രി സ്ഥലത്താണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് പണിയുന്നത്. ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായാണ് പ്രവര്‍ത്തിക്കുക. പകർച്ചവ്യാധികളും നേരിടുന്നതിന് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുമെന്നും അന്ന് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നു. ജില്ലയിൽ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമായി സ്ഥാപിച്ച ചട്ടഞ്ചാൽ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രി സ്ഥലത്താണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കൈമാറിയ ആശുപത്രിയിൽ 23.50 കോടി രൂപ ഉപയോഗിച്ചാണ് അടിസ്ഥാനസൗകര്യമൊരുക്കുക. ഐപി, ഒപി സമുച്ചയം നിർമാണത്തിനായി ദേശീയ ആരോഗ്യ ദൗത്യം 4.05 കോടി രൂപയും എൽഡിഎഫ് സർക്കാർ കാലത്ത് അനുവദിച്ചതാണ്.









0 comments