5 കുട്ടികൾ ദേശീയ മത്സരത്തിന് പൊയിനാച്ചിയിലെ കൊറിയൻ മെയ്‌വഴക്കം

പൊയിനാച്ചി അഭ്യാസം കൊറിയാനാണെങ്കിലും തായ്ക്വോണ്ടോ പുതുതലമുറയുടെ ഇഷ്ട കായികകലയാക്കി മാറ്റിയ യുവാവുണ്ട് പൊയിനാച്ചിയിൽ. കുഞ്ഞുനാളിലെ അഭ്യസിച്ച് പരിശീലനം നേടിയ കൊറിയൻ അയോധന കലയായ തായ്ക്വോണ്ടോയുടെ കുത്തക അത്രമേൽ ഇഷ്‌ടമെന്നപോലെ ആർക്കും വിട്ടുകൊടുക്കാത്ത വാശിയിലുമാണ് ഇൗ ഇരുപത്തിയെട്ടുകാരൻ. ദേശീയതലത്തിലെ ശ്രദ്ധേയനായ പരിശീലകനായ പ്രിയേഷിന് വലിയൊരു ശിഷ്യ സമ്പത്തുമുണ്ട്. 2024, 2025, 2026 വർഷങ്ങളിൽ സ്‌കൂൾ തലങ്ങളിൽ ജില്ല, സംസ്ഥാനതലങ്ങളിൽ ഗോൾഡ് മെഡൽ ജേതാക്കളാണ് ശിഷ്യന്മാർ. 2025ൽ പൊയിനാച്ചി പരിശീലന കേന്ദ്രത്തിൽനിന്നുള്ള 12 കട്ടികളാണ് സംസ്ഥാനചാമ്പ്യന്മാരായത്. ഇത്തവണ 78, 68 കിലോഭാരം മുകളിലുള്ള കുട്ടികളുടെ വിഭാഗത്തിലും 38, 35 കിലോ ഭാരം വിഭാഗത്തിലും സംസ്ഥാന, ജില്ലാതല മത്സരത്തിലും ചാമ്പ്യന്മാരായി. ഇത്തവണ സംസ്ഥാനതലത്തിൽ അഞ്ച് സ്വർണമെഡലും രണ്ടു വെള്ളിമെഡലും നേടിയത് പൊയിനാച്ചിയിലെ തായ്‌ക്വാൺഡോ അക്കാദമിയിൽനിന്നുള്ളവരാണ്. ടി അഭിനവ്, ദക്ഷ് ദേവാനന്ദ്, എം ശ്രീനിധി, വി ആദിദേവ്, ആദിഷ്ദിനു എന്നിവർ ജാർഖണ്ഡ്, കശ്‌മീർ എന്നിവിടങ്ങളിൽ നടക്കുന്ന ദേശീയ തായ്ക്വോണ്ടോ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞവർഷം ദേശീയ മത്സരത്തിലേക്കുള്ള കേരള ടീം പരിശീലകനുമായിരുന്നു പ്രിയേഷ്. കുട്ടികളുടെ ആരോഗ്യവും മാനസികവുമായ വികാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന അയോധനകലയായതിനാൽ വിദ്യാർഥികൾ രാവിലെയും വൈകിട്ടും ഒഴിവുസമയം പരിശീലനത്തിനായി പ്രത്യേകം കണ്ടെത്തുന്നുണ്ട്. വലിയ രീതിയിൽ വിപുലപ്പെടുത്താനാണ് തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റായ പ്രിയേഷിന്റെ ശ്രമം. ആറുവർഷമായി പൊയിനാച്ചിയിൽ തായ്ക്വോണ്ടോ അക്കാദമി നടത്തിവരുന്നു. പരേതനായ ആർ രാമകൃഷ്ണന്റെയും സിപിഐ എം മണ്ഡലിപ്പാറ ബ്രാഞ്ച് സെക്രട്ടറി വി വസന്തയുടെയും മകനാണ്. സഹോദരി പ്രിയ.








0 comments