കാഞ്ഞങ്ങാട്ടെ പൊലീസ് നടപടി സംഘപരിവാറിന് കീഴ്പെട്ട്
ഇരട്ടനീതിക്കെതിരെ ജനകീയ പ്രതിഷേധം ഉയരും: എം രാജഗോപാലൻ

കാസർകോട്
കാഞ്ഞങ്ങാട്ട് മന്ത്രി ഒ ജെ ജനീഷിനെതിരെ പ്രതിഷേധിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുക്കുകയും ബിജെപിക്കാരെ വിട്ടയക്കുകയുംചെയ്ത ഇരട്ടനീതിക്കെതിരെ വൻജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമവും നീതിയും നിഷ്പക്ഷമായി നടപ്പാക്കേണ്ടവരാണ് ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളുന്നത്. പൂർണമായി സംഘപരിവാറിന് കീഴ്പെട്ടുള്ള വി ഡി സതീശൻ സർക്കാറിന്റെ നിലപാടാണ് കാഞ്ഞങ്ങാട്ട് കാണാനായത്. ന്യായമായ ആവശ്യങ്ങൾക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ കരുത്താണ്. അതിനെ കള്ളക്കേസും വ്യാജ പ്രചാരണങ്ങളുമായി തകര്‍ക്കാന്‍ നോക്കുന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രം. തെറ്റായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ അക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരിട്ട് നേതൃത്വം നല്കിയ മന്ത്രി ജനീഷിനെതിരെയാണ് ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. രാജ്യത്ത് ജനാധിപത്യ കശാപ്പ് നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. എന്നാല്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച 19 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് ജയിലിലടച്ചപ്പോൾ ബിജെപിക്കാരെ വിട്ടയച്ചു. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ബിജെപി ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. മന്ത്രിയുടെ വാഹനത്തിന് മുമ്പിലേക്ക് ചാടിവീണ് യാത്ര കുറച്ചുസമയം തടസ്സപ്പെടുത്തുകയും പൊലീസുമായി മല്‍പ്പിടുത്തം നടത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയുമാണ് ബിജെപിക്കാര്‍ നടത്തിയത്. എന്നാല്‍ വ്യാപാര ഭവന് മുമ്പില്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കുകയും അതേ ദിവസംതന്നെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയുംചെയ്തു. ഒരേ സ്ഥലത്ത് ഏതാനും മീറ്ററുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി നടന്ന സമരത്തില്‍ ഇരട്ടനീതിയാണ് സ്വീകരിച്ചതെന്ന് വ്യക്തം. തൃക്കരിപ്പൂര്‍ നടക്കാവിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിന്റെ പേരില്‍ എട്ടുപേരെയും നീലേശ്വരത്ത് ആറു പേരെയും റിമാന്‍ഡ് ചെയ്തു. ബേഡകത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നടക്കാവില്‍ പ്രതിഷേധ സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരു സംഘം മുസ്ലിം ലീഗുകാര്‍ മാരകായുധങ്ങളുമായി വന്നു. ഇതിലും നടപടിയുമില്ല. നീലേശ്വരത്ത് സമരത്തില്‍ പങ്കെടുത്തതിന് ജയിലിലടച്ച ഡിവൈഎഫ്ഐ ഭാരവാഹി സബിന്‍ സത്യനെതിരെ മന്ത്രി ജെനീഷ് തന്നെ കള്ള പ്രചാരണം നടത്തുകയാണ്. സബിന്‍ ജോലി ചെയ്യുന്ന സഹകരണ സംഘത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയാണ് സമരത്തില്‍ പങ്കെടുത്തതെന്നും നേരത്തെ ചായ്യോത്ത് സ്കൂളില്‍ നടന്ന സംഭവത്തിന്റെ പേരില്‍ പ്രതിയായി ജയിലിലായിരുന്നുവെന്നുമാണ് മന്ത്രി സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഈ രണ്ട് ആരോപണവും പച്ചക്കള്ളമാണ്. തനിക്ക് നേരിട്ട് അറിയാത്ത ഒരു യുവാവിനെക്കുറിച്ചാണ് മന്ത്രിയുടെ വ്യാജ പ്രചാരണം. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുത്തതിനാണ് കാഞ്ഞങ്ങാട്ടെ ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെ ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക ജോലിയില്‍നിന്നും മിന്നല്‍ വേഗത്തില്‍ നടപടിയെടുത്ത് പിരിച്ചുവിട്ടത്.









0 comments