അനുവദിക്കില്ലെന്ന് നാട്ടുകാർ
ജയപുരത്ത് കരിങ്കൽ ഖനന നീക്കം

ജയപുരം പിണ്ടിക്കടവ് കരിങ്കൽ ഖനനത്തിനെതിരെയുള്ള ജനകീയ കമ്മിറ്റി രൂപീകരണം യോഗം
ബേഡഡുക്ക
മുന്നാട് വില്ലേജിലെ ജയപുരം പിണ്ടിക്കടവിൽ കരിങ്കൽ ഖനനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിൽ പ്രദേശവാസികൾ ആശങ്കയിൽ. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലെ 11, 14 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സ്വകാര്യ ഭൂമിയിലാണ് ഖനന നീക്കം. കുതിരക്കല്ല്, മുണ്ടത്തുംകയ, ജയപുരം പ്രദേശങ്ങളിലെ നൂറോളം വീട്ടുകാരാണ് ഭീഷണിയിലായത്. 40 ഏക്കർ വരുന്ന കുന്നിൻപ്രദേശത്ത് ഖനനം നടത്തിയാൽ വലിയ പാരിസ്ഥിതിക ആഘാതമുണ്ടാവുമെന്നാണ് ആശങ്ക. കുന്നിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റമുണ്ടായാൽ ജലസ്രോതസുകളെ ഉൾപ്പെടെ ബാധിക്കുമെന്നതിലും ആശങ്കയുണ്ട്. ആദിവാസി ഊരുകൾ ഉൾപ്പെടുന്ന മേഖലയിലാണ് ഖനന നീക്കം. ജനവാസമേഖലയോട് ചേർന്ന് കുന്നിടിച്ചാൽ ഉണ്ടാകുന്ന പൊടിയും പ്രകമ്പനവും വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്നും നാട്ടുകാർ പറഞ്ഞു. ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനുമുമ്പ് സമഗ്രപരിശോധന നടത്തണമെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ അമിത ചെങ്കൽഖനനം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്ത്, റവന്യു, ജിയോളജി അധികൃതർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നതാണ് ജനകീയ കമ്മിറ്റിയുടെ ആവശ്യം.
സമഗ്ര പരിശോധന വേണം
കരിങ്കൽ ഖനനം ആരംഭിച്ചാൽ പ്രദേശത്തെ ജനജീവിതത്തെ ദോഷകരമായി ബാധിക്കും. സമഗ്ര പരിശോധനയില്ലാതെ അനുമതി നൽകരുത്. ജനവാസമേഖലയാണ്. വൻതോതിൽ പാറ പൊട്ടിക്കുന്നത് വീടുകൾക്കും മനുഷ്യസുരക്ഷയ്ക്കും ഭീഷണിയാകും.
ശശി ജയപുരം, ജനകീയ കമ്മിറ്റി കൺവീനർ
ആശങ്കകൾ പരിഹരിക്കണം
പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം തട്ടും. വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം ഉൾപ്പെടെ മുന്നിൽ കാണണം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. ആശങ്കകൾ പരിഹരിക്കണം.
സി കൃഷ്ണവേണി, ജനകീയ കമ്മിറ്റി ചെയർമാൻ






0 comments