'പെട്ടി തൂക്കുന്നവൻ പ്രസിഡന്റാകും'; പുനസംഘടനയ്ക്കെതിരെ തുറന്നടിച്ച് ഡിസിസി ജനറൽ സെക്രട്ടറി

കാസർകോട്> പുനസംഘടനാ ചർച്ച തുടങ്ങുമ്പോൾതന്നെ രാജ്‌മോഹൻ ഉണ്ണിത്താനും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുമെതിരെ തുറന്ന വിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിദ്യാസാഗർ. പ്രവർത്തകരുടെ അഭിപ്രായം തേടാതെ, ജില്ലയിലെ പ്രധാന ജനപ്രതിനിധിയുടെ പെട്ടി തൂക്കുന്നവരെയും ഗൾഫിൽ പണം പിരിക്കുന്നവരെയും മാത്രം പ്രസിഡന്റാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ വിദ്യാസാഗർ ഫേസ്‌ബുക്കിലൂടെ വിമർശിച്ചു.
‘കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്ന ഒരു പാർടിക്ക് ഒരു ജില്ലാ പ്രസിഡന്റിനെ വേണം. പാർട്ടിയുടെ നിലവിലുള്ള ജില്ലാ പ്രസിഡന്റിനോ അണികൾക്കോ അഭിപ്രായം പറയാൻ അവസരമില്ല. ജില്ലയിലെ അറിയപ്പെടുന്ന ഒരു ജനപ്രതിനിധിയുടെ പെട്ടി തൂക്കുന്നവൻ, അല്ലെങ്കിൽ ഗൾഫിൽ പോയി സംഭാവന സ്വരൂപിക്കുവാൻ അയാളെ സഹായിക്കുന്നവർക്ക് പരിഗണന. ഇതാണ് പറഞ്ഞത്: ബൂത്ത് വേണ്ട, വാർഡ് വേണ്ട; നാലാളെ സംഘടിപ്പിക്കുകയും വേണ്ട. നേതാക്കളെ സുഖിപ്പിക്കുന്നവൻ ജില്ലാ പ്രസിഡന്റ്’–- വിദ്യാസാഗറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇങ്ങനെ തുടരുന്നു.
വിവാദമായതോടെ തിങ്കൾ വൈകിട്ടോടെ പോസ്‌റ്റ് നീക്കിയിട്ടുണ്ട്. പുനസംഘടനയിൽ പിടിമുറുക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താനെ ലക്ഷ്യംവച്ചാണ് ഉദുമയിലെ നേതാവുകൂടിയായ വിദ്യാസാഗറിന്റെ അഭിപ്രായം. മുസ്ലിംലീഗിനെ കൂട്ടുപിടിച്ച്, ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് പുല്ലുവില പോലും കൽപിക്കാത്ത ഉണ്ണിത്താന്റെ നീക്കത്തിൽ ഡിസിസിയിലെ മിക്ക നേതാക്കൾക്കും കടുത്ത എതിർപ്പുണ്ട്. അതിന്റെ പ്രതിഫലനമാണ് ഫേസ്‌ബുക്ക് പോസ്‌റ്റ്. സാജിദ് മൗവ്വലടക്കമുള്ള, ഉണ്ണിത്താന്റെ അടുപ്പക്കാരാണ് പുതിയ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലിക്കുന്നത്. നിലവിലുള്ള ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും ഉണ്ണിത്താന്റെ നോമിനിയാണ്. ഇതിനേക്കാളും വിശ്വസ്‌തനായ, ഗൾഫിലും മറ്റും പണം പിരിക്കാൻ കഴിവുള്ളയാളെയാണ് പ്രസിഡന്റാക്കുന്നത് എന്നാണ് വിദ്യാസാഗർ പറഞ്ഞുവയ്‌ക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പോ സമ്മേളനമോ ചേരാതെ നോമിനേഷൻ വഴി, സ്വന്തക്കാരെ തിരുകിക്കയറ്റി, പാർടിയെ പൂർണമായി നിയന്ത്രിക്കാനാണ് ഉണ്ണിത്താന്റെ ശ്രമം. പാർടിയിലെ മേധാവിത്തം, തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലും ഉണ്ണിത്താൻ കാട്ടുമെന്ന് ഭയക്കുന്നതിനാൽ, പ്രാദേശിക നേതാക്കളും എതിരൊന്നും പറയാതെ നിൽക്കുകയാണ്. ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം പോലുമില്ലെന്നും ജില്ലയിലെ രണ്ടാംനിര കോൺഗ്രസ് നേതാക്കളും പറയുന്നു.









0 comments