അനധികൃതമായി കേരളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശിനി കാഞ്ഞങ്ങാടുനിന്ന് പിടിയിൽ

പ്രതീകാത്മകചിത്രം
കാഞ്ഞങ്ങാട് : അനധികൃതമായി കേരളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശിനിയെ കാഞ്ഞങ്ങാടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. സൽമ കാത്തൽ (30) എന്ന യുവതിയെയാണ് ചൊവ്വാഴ്‌ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഹോസ്‌ദുർഗ് സ്റ്റേഷനിലെ എസ്‌ഐ കെ പി രമേശനും സംഘവും അറസ്റ്റ് ചെയ്‌തത്. അനധികൃതമായി കേരളത്തിലെത്തി കഴിഞ്ഞ രണ്ടുവർഷമായി മലപ്പുറത്ത് ഹോട്ടലിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇവർ. ഇവിടെ നിന്ന് പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയാണ് കൂടുതൽ ശമ്പളം വാഗ്‌ദാനം നൽകി കാഞ്ഞങ്ങാട്ടെക്ക് എത്തിച്ചത്.
ചൊവ്വാഴ്‌ച രാവിലെ മലബാർ എക്‌സ്‌പ്രസിൽ കാഞ്ഞങ്ങാട് റെയിൽേവ സ്റ്റേഷനിൽ എത്തിയ യുവതിയെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരെ കേരളത്തിലെത്തിച്ച റാക്കറ്റിനെ കുറിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്‌ത ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്‌തമാക്കി.










0 comments