മറ്റൊരാളുടെ ഭൂമി വിട്ടുനൽകി ‘ഉദാരമനസ്കത'
പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ഭൂമി കൈയേറ്റ ആരോപണം

അഡൂർ
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് റോഡിനായി വിട്ടുനൽകിയതായി കാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ആരോപണം. കൊറ്റുംബ ഭാഗത്തെ റോഡ് വികസവുമായി ബന്ധപ്പെട്ട് ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പത്ത് സെന്റോളം ഭൂമി തന്റേതെന്ന് പറഞ്ഞ് വിട്ടു നൽകിയെന്നാണ് ആരോപണം. ഭൂമി കൈയേറി മരങ്ങൾ മുറിച്ചുകടത്തിയെന്ന ആക്ഷേപം മുമ്പ് ഉണ്ടായിരുന്നു. നിലവിൽ നടന്ന താലൂക്ക് സർവേയിലാണ് ഇത് ഹമീദിന്റെ സ്ഥലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. സ്വന്തം സ്ഥലം റോഡിനായി സൗജന്യമായി വിട്ടുനൽകുന്നുവെന്ന വലിയ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടത്തി. തുടർന്ന് തെരഞ്ഞെടുപ്പ് സമയത്ത് 'റോഡിനായി സ്ഥലം വിട്ടുനൽകിയ ഉദാരമനസ്കയ്ക്ക് അഭിവാദ്യങ്ങൾ' എന്ന പേരിൽ പ്രദേശത്ത് ഫ്ലക്സ് ബോർഡും സ്ഥാപിച്ചിരുന്നു. പി കരുണാകരൻ എംപിയായിരുന്ന സമയത്ത് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ (പിഎംജിഎസ്‌വൈ) ഉൾപ്പെടുത്തി ഈ റോഡ് നവീകരിച്ചപ്പോഴും പിന്നീട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് വികസിപ്പിച്ചപ്പോഴും തർക്കത്തെത്തുടർന്ന് തുടക്കത്തിലെ നൂറുമീറ്ററോളം ഭാഗം നവീകരിക്കാതെ കിടക്കുകയായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇതേ വ്യക്തി സ്വന്തമായിരുന്നെങ്കിൽ എന്തുകൊണ്ട് അന്ന് സ്ഥലം വിട്ടുനൽകിയില്ലെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. സ്ഥലം കൈയേറിയത് സംബന്ധിച്ച് യഥാർഥ ഉടമയായ ഹമീദ് ഏവന്തൂർ അന്നുതന്നെ കലക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടി തടഞ്ഞതായും ആരോപണമുണ്ട്. താലൂക്ക് സർവേയിലൂടെ കൈയേറ്റം വ്യക്തമായ സാഹചര്യത്തിൽ വോട്ട് ലക്ഷ്യമിട്ട് നടത്തിയ ഈ നാടകത്തിന് കൂട്ടുനിന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.








0 comments